സുരേഷ് ഗോപിയുടെ മിക്ക സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു പിന്നിലും രഞ്ജി പണിക്കരുടെ കൈകളുണ്ട്. തലസ്ഥാനം, ലേലം, പത്രം, കമ്മീഷണർ, സ്ഥലത്തെ പ്രധാന പയ്യൻസ് , ഏകലവ്യൻ എന്നിങ്ങനെയുള്ള ബ്ലോക് ബസ്റ്റർ സുരേഷ് ഗോപി ചിത്രങ്ങൾക്കു തിരക്കഥ രചിച്ചതു രഞ്ജി പണിക്കരാണ്. മാത്രമല്ല രഞ്ജിയുടെ ആദ്യ സംവിധാന സംരംഭമായ ഭരത്ചന്ദ്രൻ ഐപിഎസിലെ നായകനും സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിയുടെ രണ്ടാം വരവിനു കളമൊരുക്കിയത് ഭരത്ചന്ദ്രൻ ഐപിഎസ് എന്ന ചിത്രമായിരുന്നു. ഇപ്പോൾ ഇവർ വീണ്ടും ഒന്നിക്കുകയാണ്.
രഞ്ജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും അഭിനയിക്കുന്നു. ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ കഥാപാത്രത്തെയാണ് രഞ്ജി പണിക്കർ അവതരിപ്പിക്കുന്നത്.
സായ ഡേവിഡാണ് കാവലിൽ നായികയാകുന്നത്. സാദിഖ്, ഐ.എം.വിജയൻ, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, സന്തോഷ് കീഴാറ്റൂർ, ഇവാൻ, രാജേഷ് ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമിക്കുന്നത്. ഈ മാസം 20ന് കട്ടപ്പനയിൽ ചിത്രീകരണം ആരംഭിക്കും.
കാവലിൽ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കർ
03:48 PM Jan 17, 2020 | Deepika.com