ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഛപാക് മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം പത്തിനു തന്നെ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. എഴുത്തുകാരനായ രാകേഷ് ഭാരതിയാണു പകർപ്പവകാശം തേടി കോടതിയെ സമീപിച്ചത്.
ലക്ഷ്മി അഗർവാളിന്റെ ജീവിതം മകനുമായി ചേർന്നു സിനിമയാക്കാൻ താൻ വളരെ മുന്‍പു തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി ബ്ലാക്ക് ഡേ എന്ന പേരിൽ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്നും രാകേഷ് ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ എങ്ങനെയാണു പകർപ്പവകാശ ലംഘനം ആരോപിക്കുന്നത് എന്നു പരാതിക്കാരന്റെ അഭിഭാഷകനോടു ചോദിച്ച കോടതി, പരാതിക്കാരൻ യഥാർഥത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ കുത്തക അവകാശപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവിനു തയാറാകാതിരുന്ന കോടതി, കേസ് ആറാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി.
ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുൽസാർ ഒരുക്കുന്ന ചിത്രമാണു ഛപാക്. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. വിക്രം മാസിയാണു നായകൻ. 2005-ലാണ് ലക്ഷ്മി അഗർവാളിനെതിരേ ആസിഡ് ആക്രമണമുണ്ടായത്.
പകർപ്പവകാശം: ദീപിക പദുക്കോണ്‍ ചിത്രം ഛപാക്കിന്റെ റിലീസിനു വിലക്കില്ല
02:33 PM Jan 09, 2020 | Deepika.com