മകന്റെ വേഷം അഭിനയിക്കുന്ന നടനും അമ്മവേഷം ചെയ്യുന്ന നടിയും തമ്മിലുള്ള പ്രായവ്യത്യാസം 7 വയസ്... അതെങ്ങനെ ശരിയാകും. ഒടുവിൽ അമ്മ വേഷം ചെയ്യുന്ന നടിയെ മാറ്റി പ്രശ്നം പരിഹരിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി എന്ന ഹിന്ദി ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് അക്ഷയ് കുമാറാണ്.
അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്യുന്നത് നീന ഗുപ്തയും. അക്ഷയ് കുമാറിന് 53 വയസും നീനാ ഗുപ്തയ്ക്ക് 60 വയസുമാണ് പ്രായം. ചിത്രീകരണം മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ചേർച്ചക്കുറവ് സംവിധായകന് തോന്നിയത്. ഇതേ തുടർന്ന് നീന ഗുപ്തയെ മാറ്റിയെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം താൻ ചിത്രത്തിൽ നിന്ന് പിന്മാറിയ കാര്യം നീന ഗുപ്തയും അറിയിച്ചു.
രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ നടിയാണ് നീന ഗുപ്ത. 1982ൽ സാഥ് സാഥ് എന്ന ചിത്രത്തിലൂടെയാണ് നീന ഗുപ്ത ചലച്ചിത്രരംഗത്തെത്തിയത്. ഇപ്പോഴും നീന അഭിനയരംഗത്ത് സജീവമാണ്. ഈ വർഷം മൂന്ന് ചിത്രങ്ങൾ നീനയുടേതായി റിലീസ് ചെയ്തു.
പ്രായം പ്രശ്നമായി; അക്ഷയ് കുമാർ ചിത്രത്തിൽ നിന്നും നീന ഗുപ്തയെ മാറ്റി
10:04 AM Dec 20, 2019 | Deepika.com