പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. "കടുവ' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിലാണ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.
2012ൽ റിലീസ് ചെയ്ത സിംഹാസനമാണ് ഇരുവരുമൊന്നിച്ച ആദ്യ ചിത്രം. 2013ൽ റിലീസ് ചെയ്ത ജിഞ്ചറാണ് ഷാജി കൈലാസ് അവസാനമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം. അതിന് ശേഷം തമിഴിൽ രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് കടുവ. സംവിധായകനും, തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. കാമറ ചലിപ്പിക്കുന്നത് രവി കെ. ചന്ദ്രനാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് കടുവ നിർമിക്കുന്നത്.
"ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു' എന്ന് ഫേസ്ബുക്കിലൂടെ പൃഥ്വി സിനിമയെക്കുറിച്ച് അറിയിച്ചിരുന്നു. ആ നിമിഷം മുതൽ ചിത്രത്തെകുറിച്ചുള്ള വലിയ വാദപ്രതിവാദങ്ങൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.
സെവൻത് ഡേ, മെമ്മറീസ് തുടങ്ങിയ സിനിമകളുടെ രണ്ടാം ഭാഗമായിരിക്കാം ഒരുക്കുന്നതെന്നായിരുന്നു അഭിപ്രായമുയർന്നത്. എന്നാൽ പ്രതീക്ഷകളെ എല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് താരം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.