ഒരു ഗ്രാമവും ഒരു പട്ടാളക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ശക്തമായ കുടുംബമുഹൂർത്തങ്ങളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് എടയ്ക്കാട് ബറ്റാലിയൻ 06.
നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ പ്രമുഖ സംവിധായകരായ സിബി മലയിൽ, വിനയൻ, റാഫി, ഒമർ എന്നിവർക്കൊപ്പം പ്രധാന സഹായിയായിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് സ്വപ്നേഷിന്റെ കടന്നുവരവ്.
റൂബി ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് കാർണിവൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ടോവിനോ തോമസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദിനെ അവതരിപ്പിക്കുന്നത്. സംയുക്താ മേനോനാണു നായിക. ദിവ്യാ പിള്ള, ജോയ് മാത്യു, പി. ബാലചന്ദ്രൻ, നിർമ്മൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, കലിംഗ ശശി, ജിതിൻ പുത്തഞ്ചേരി, ധീരജ് ബെന്നി, വിഷ്ണു (ഗപ്പി ഫെയിം) ശങ്കർ ഇന്ദുചൂഡൻ, മാളവികാ മേനോൻ, പൊന്നമ്മ ബാബു, അഞ്ജലി നായർ, ഉമാ നായർ, നന്ദന എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീകാന്ത് ബാലചന്ദ്രന്റെ കഥയ്ക്ക് പി. ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ഹരി നാരായണൻ. മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോനാണ്.
സിനു സിദ്ധാർഥ് ഛായാഗ്രഹണം നിർവഹിക്കുന്നു. കോഴിക്കോട്, ഡൽഹി, ലഡാക്ക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച എടയ്ക്കാട് ബറ്റാലിയൻ 06 ഉടൻ തീയറ്ററുകളിലെത്തും.