കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ജെറിൻ മൈക്കിൾ എന്ന യുവാവ് മരിച്ച സംഭവത്തിൽ ഇദ്ദേഹം പഠിക്കുന്ന ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ഗിഫ്റ്റ്) മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിക്കുകയും പ്രാർഥനാദിനം ആചരിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ഡെയ്സണ്‍ വെട്ടിയാടന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് മാനേജർ ഫാ. ഫ്രാൻസിസ് കൊടുപറന്പിൽ നേതൃത്വം നൽകി. യോഗത്തിൽ റോണി ദേവസ്യ, സനുധരൻ, അനീഷ് വാസുദേവ്, അലിൽ വെൽസ്, ജിനോ ജയിംസ് എന്നിവർ അനുശോചിച്ചു. തുടർന്ന് ജെറിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി. പച്ചാളത്തു നിന്നാരംഭിച്ച പ്രകടനം കച്ചേരിപ്പടിയിൽ അവസാനിച്ചു. തുടർന്ന് വിദ്യാർഥികൾ ധർണ നടത്തി.