കോതമംഗലം: രൂപത വിദ്യാഭ്യാസ ഏജൻസിയുടെ 2016-17 അധ്യയന വർഷത്തെ മികച്ച ഹൈസ്കൂളിനുള്ള ട്രോഫി കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസ് കരസ്ഥമാക്കി. രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള 24 ഹൈസ്കൂളുകളിൽ ഒന്നാമതെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി ഇതേ സ്കൂളിലെ പ്രിൻസിപ്പൽ ജിജി ജോർജും മികച്ച അനധ്യാപകനായി ക്ലാർക്ക് ടി.ജെ. ജോസഫും തെരഞ്ഞെടുക്കപ്പെട്ടത് നേട്ടത്തിന് മാറ്റു കൂട്ടി. സ്കൂൾ മാനേജർ ഫാ. മാത്യൂസ് മാളിയേക്കൽ, പ്രിൻസിപ്പൽ ജിജി ജോർജ്, പ്രധാനാധ്യാപകൻ സോജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ മികവിലേക്ക് നയിച്ചതെന്നു അധികൃതർ പറഞ്ഞു. പാഠ്യ-പാഠ്യേതര രംഗത്തുമുള്ള മികച്ച പ്രവർത്തനമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാനായത്. വിദ്യാർഥി കേന്ദ്രീകൃതമായ ബോധന രീതികളും, ചിട്ടയായി നടത്തപ്പെടുന്ന പരീക്ഷകളും, പിടിഎ യോഗങ്ങളും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന പരിപാടികളും സ്കൂളിനെ മികവിലേക്ക് നയിച്ചു. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയമേളകൾ, കായികമേള, കലോത്സവം എന്നിവയിലും തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകൾ, എൻസിസി, ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവ മികച്ച അവസരങ്ങളാണ് വിദ്യാർഥികൾക്ക് തുറന്നു നൽകുന്നത്.