തിരൂർ: ജലം: ദൈവാനുഗ്രഹം, പങ്കുവയ്ക്കുക, പാഴാക്കരുത് എന്ന വിഷയവുമായി ഐഎസ്എം കാന്പയിൻ തുടങ്ങി. വിസ്ഡം റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന വിഭാഗമായ ഐഎസ്എം സ്നേഹസ്പർശം ആഭിമുഖ്യത്തിലാണ് കാന്പയിൻ ആരംഭിച്ചത്. കാന്പയിന്റെ ലഘുലേഖാ വിതരണോദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഐഎസ്എം സനേഹ സ്പർശം കണ്‍വീനർ അബ്ദുസലീം വാവന്നൂർ, അബ്ദുൾ നാസർ പൊന്നാനി, എ.പി മുഹമ്മദ് പൊന്നാനി, ശഹീർ മാറഞ്ചേരി, ഫസൽ പൊന്നാനി, ഹനീഫ വളവന്നൂർ,മുഹമ്മദ് ഫാറൂഖ് പൊന്നാനി എന്നിവർ പ്രസംഗിച്ചു. സെമിനാറുകൾ, ലഘുലേഖ വിതരണം, പോസ്റ്റർ, കൊളാഷ്, തീം പോസ്റ്റർ പ്രദർശനം, ബഹുജന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് ജലസ്രോതസുകളും മറ്റും ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികൾ, കുടിവെള്ള വിതരണ സംഭരണികൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കും. ജലദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ മാപ്പ് തയാറാക്കി ശുദ്ധജലവിതരണ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടപ്പാക്കും. പൊതുകുളങ്ങളുടെ നവീകരണം, പൊതുകിണറുകളുടെ പുനരുദ്ധാരണം തുടങ്ങിയവ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികളിൽ സഹകരിക്കും.