മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മഞ്ജു വാര്യരും മോഹൻലാലും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇടക്കാലത്ത് സിനിമയിൽ നിന്നു മാറിനിന്നിരുന്ന താരം തിരിച്ചെത്തിയപ്പോൾ ശക്തമായ പിന്തുണയായിരുന്നു മോഹൻലാൽ നൽകിയത്.
ഒടിയന് ശേഷം മരയ്ക്കാറിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന അസുരനിലൂടെ തമിഴകത്തേക്ക് പ്രവേശിക്കുകയാണ് മഞ്ജു വാര്യർ. അസുരനെക്കുറിച്ച് വാചാലയാവുന്നതിനിടയിലാണ് മോഹൻലാലിനെക്കുറിച്ച് പറഞ്ഞത്.
മോഹൻലാലിനെ മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മൂന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ലെന്നും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം എട്ടു സിനിമകൾ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനർജിയും ചാമുമൊക്കെയാണ് അദ്ദേഹം ഒപ്പമുള്ളപ്പോൾ നമുക്ക് ലഭിക്കുക.
വളരെ സാധാരണക്കാരനായി, സൂപ്പർ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റിൽ പുറത്തുനിന്ന് വന്നൊരാൾ ലാലേട്ടനെ കണ്ട് എക്സൈറ്റഡാവുന്പോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോർത്ത് നമ്മളും ത്രില്ലടിക്കുക. ജ്യോതികയുമായുള്ള അടുപ്പത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. നേരത്തെയും തമിഴിൽ നിന്ന് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി.
മോഹൻലാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രൻ: മഞ്ജു വാര്യർ
11:56 AM Sep 05, 2019 | Deepika.com