പായൽരജ്പുത് ശ്രദ്ധേയയാകുന്നത് ആർഎക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. ഈ ചിത്രം പുറത്തിറങ്ങിയശേഷം പായലിന് സിനിമാ ലോകത്തുനിന്ന് ദുരനുഭവങ്ങൾ ഉണ്ടായതായി താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തിൽ അവസരം തരാമെന്നും ഇതിനായി അഡ്ജസ്റ്റുമെന്റിന് തയാറാകണമെന്നും വ്യക്തമാക്കി താരത്തെ ചിലർ സമീപിച്ചുവത്രേ. ഇതോടെയാണ് താരം പൊട്ടിത്തെറിച്ചിരിക്കുന്നത്.
ഒരു സിനിമയിൽ ചൂടൻ രംഗങ്ങളിൽ അഭിനയിച്ചെന്ന് കരുതി സിനിമയിൽ അവസരങ്ങൾ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ആറു വർഷമായി അഭിനയ രംഗത്ത് സജീവമാണ് ഞാൻ. തെലുങ്കിന് മുന്പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും പോളിവുഡിലുമെല്ലാം കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട്.
തുടക്കം മുതൽ ഇത്തരം ആവശ്യങ്ങൾക്കായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. അതു കൊണ്ടൊന്നും ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ല. മീ ടൂ കാംപെയിൻ ഇത്രയും സജീവമായിട്ടും ഇങ്ങനെ സംഭവങ്ങൾ ആവർത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്.
കുറച്ചുപേർ മാത്രമാണ് ഇത്തരം അനുഭവങ്ങൾ തുറന്നു പറയുന്നത്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതാണ് എന്റെ ശീലം. വ്യക്തിത്വം പണയം വച്ച് ലഭിക്കുന്ന അവസരങ്ങൾ എനിക്ക് ആവശ്യമില്ല- പായൽ വ്യക്തമാക്കുന്നു.
എന്തായാലും ആർഎക്സ് 100 എന്ന ചിത്രത്തിനുശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. റൊമാന്റിക് ആക്ഷൻ ചിത്രമായിരുന്നു ആർഎക്സ് 100. ഈ ചിത്രത്തിലെ ചുണ്ടോടുചുണ്ട് ചുംബനസീൻ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പഞ്ചാബുകാരിയായ പായൽ 2017ൽ പഞ്ചാബി സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്. ഹിന്ദി, പഞ്ചാബ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച താരം എയ്ഞ്ചൽ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്.
അഡ്ജസ്റ്റ്മെന്റിന് എന്നെ കിട്ടില്ല: പായൽ രജ്പുത്
09:55 AM Aug 30, 2019 | Deepika.com