ടെലിവിഷൻ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് സ്വാസിക. എന്നാൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ സ്വാസികയ്ക്ക് നൽകിയ പേര് തേപ്പുകാരി എന്നാണ്.
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കാമുകനെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം കഴിക്കുന്ന കഥാപാത്രമായാണ് സ്വാസിക അഭിനയിച്ചത്. ഇതോടെയാണ് തേപ്പുകാരി എന്ന പേര് സ്വാസികയ്ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം സ്വാസിക ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
മമ്മൂട്ടി പങ്കെടുത്ത ഒരു ചാനൽ പരിപാടിയിൽ മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിക്കാനുള്ള അവസരം സ്വാസികയ്ക്ക് ലഭിച്ചു. സ്വയം പരിചയപ്പെടുത്തുന്പോൾ തേപ്പുകാരി എന്നൊരു പേരുകൂടിയില്ലെ എന്ന് മമ്മൂട്ടി ചോദിച്ചു. തന്നെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോ എന്ന സന്തോഷത്തിലായിരുന്നു പിന്നീട് കുറച്ചു നാൾ എന്ന് ആ സംഭവത്തെ പരാമർശിച്ച് സ്വാസിക പറഞ്ഞു.
വൈഗൈ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക വെള്ളിത്തിരയിലെത്തിയത്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മേഡ് ഇൻ ചൈന എന്നിവയാണ് സ്വാസികയുടെ പുതിയ ചിത്രങ്ങൾ.
മമ്മൂട്ടി ചോദിച്ചു, തേപ്പുകാരി അല്ലേ....?
10:02 AM Aug 24, 2019 | Deepika.com