+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി മേഖലയിൽ മൂന്നിടത്തു തീപിടിത്തം

ചെറുതോണി: ഇടുക്കി മേഖലയിൽ ഇന്നലെ മൂന്നു സ്ഥലങ്ങളിൽ തീപിടിത്തം. രാവിലെയുണ്ടായ കാട്ടുതീയിൽ പതിനാറാംകണ്ടത്ത് സഹോദരങ്ങളായ മൂന്നുപേരുടെ കൃഷിയിടങ്ങൾ കത്തിനശിച്ചു. കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലും വാഴ
ഇടുക്കി മേഖലയിൽ മൂന്നിടത്തു തീപിടിത്തം
ചെറുതോണി: ഇടുക്കി മേഖലയിൽ ഇന്നലെ മൂന്നു സ്ഥലങ്ങളിൽ തീപിടിത്തം. രാവിലെയുണ്ടായ കാട്ടുതീയിൽ പതിനാറാംകണ്ടത്ത് സഹോദരങ്ങളായ മൂന്നുപേരുടെ കൃഷിയിടങ്ങൾ കത്തിനശിച്ചു. കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലും വാഴത്തോപ്പ് വഞ്ചിക്കവല കോളനിയിലും തീ പടർന്ന് നാശനഷ്ടമുണ്ടായി.

പതിനാറാംകണ്ടം പുളിക്കകുന്നേൽ പാപ്പച്ചൻ, ഷാജി, ബെന്നി എന്നിവരുടെ സ്ഥലങ്ങളിലാണ് കാട്ടുതീ സംഹാര താണ്ഡവമാടിയത്. പാപ്പച്ചന്റെ സ്ഥലത്തുനിന്നും പടർന്ന തീ കാലിത്തൊഴുത്തിനടുത്തുവരെ എത്തിയെങ്കിലും വീട്ടിലേക്കു പടരാതെ നാട്ടുകാർ തീ കെടുത്തി.

ഇതിനോട് ചേർന്നുകിടക്കുന്ന ഷാജിയുടെ ഒരേക്കർ സ്ഥലത്തും തീ പടർന്ന് കായ്ഫലമുള്ള കൊക്കോയും ജാതിയുമുൾപ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങൾ നശിച്ചു. ഫയർഫോഴ്സ് പോയതിനുശേഷം ഇവിടെ വീണ്ടും തീപിടിത്തമുണ്ടായതിനാൽ രണ്ടാമതും ഫയർഫോഴ്സെത്തി തീയണയ്ക്കേണ്ടി വന്നു.

ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന കാൽവരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രകൃതിസുന്ദരമായ പുൽമേടുകൾ കത്തിനശിച്ചു. വിനോദ സഞ്ചാരികൾ ഒഴിവുസമയങ്ങൾ ചെലവഴിച്ചിരുന്ന പുൽമേടുകളും ഇരിപ്പിടങ്ങളുമാണ് ചാമ്പലായത്. വൈദ്യുതി ബോർഡിന്റെ വാഴത്തോപ്പ് വഞ്ചിക്കവലയിലുള്ള സ്ഥലത്ത് തീ പടർന്നുവെങ്കിലും ക്വാർട്ടേഴ്സുകളിലുള്ള ജീവനക്കാർ മറ്റു സ്ഥലങ്ങളിലേക്ക് പടരാതെ തീ അണയ്ക്കുകകയായിരുന്നു. ഇടുക്കിയിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് ഇവിടങ്ങളിലെല്ലാം തീയണച്ചത്.