പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ താഴംചിറ പാടശേഖരത്തിനു തീ പിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അര ഏക്കറോളം സ്ഥലത്തെ പുല്ല് പൂർണമായും കത്തി. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ആരെങ്കിലും സിഗററ്റ് കുറ്റി പാടത്തേയ്ക്ക് എറിഞ്ഞതാവാമെന്നു കരുതുന്നു.തീ ആളിപടർന്നതിനാൽ പാടത്ത് കെട്ടിയിരുന്ന ഏതാനും ആടുകളും പോത്തുകളും ചിതറിയോടി. നാട്ടുകാർ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. കൊടുങ്ങല്ലൂരിൽ നിന്നും ഫയർഫോഴ്സും പുത്തൻവേലിക്കര പോലീസും എത്തിയാണ് തീയണച്ചത്. മറ്റു നാശനഷ്ടങ്ങൾ ഇല്ല.