പഴൂർ: പഴൂർ സെന്റ് മാത്യൂസ് വൃദ്ധസദനത്തിന്റെ ചുറ്റുമതിലും ഗേറ്റും കാട്ടാന തകർത്തു. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. ചുറ്റുമതിലിൽ 20 അടിയോളം തള്ളിമറിച്ച് വൃദ്ധസദന വളപ്പിൽ കടന്ന ആന ഗേറ്റ് ചവിട്ടിത്തുറന്നാണ് പുറത്തുപോയത്. പഴൂരിൽ ബത്തേരി-നന്പ്യാർകുന്ന്-താളൂർ അന്തർസംസ്ഥാന പാതയുടെ അരികിലാണ് മലബാർ മിഷണറി ബ്രദേഴ്സ് സെന്റ് മാത്യൂസ് ഭവൻ എന്ന പേരിൽ നടത്തുന്ന വയോജനസദനം. 45 ഓളം അന്തേവാസികളാണ് ഇവിടെ. സദനത്തിനു ഏകദേശം 200 മീറ്റർ അകലെയാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ റേഞ്ചിലെ നൂൽപ്പുഴ വനം. ആദ്യമായാണ് വൃദ്ധസദനവളപ്പിൽ ആനശല്യമെന്ന് സെന്റ് മാത്യൂസ് ഭവന്റെ ചുമതലയുള്ള ബ്രദർ ഷാജൻ പനച്ചിക്കൽ പറഞ്ഞു. ആന ഇനിയും വരുമെന്ന ഭീതിയിലാണ് അന്തേവാസികൾ.