കാസർഗോഡ്: ഉളുവാർ പുഴയിൽനിന്നു അനധികൃത മണലെടുപ്പിനു ഉപയോഗിക്കുന്ന എട്ടു തോണികൾ പോലീസ് പിടികൂടി നശിപ്പിച്ചു. കുന്പള സിഐ വി.വി മനോജ്, കാസർഗോഡ് ടൗണ്‍ സിഐ സി.എ. അബ്ദുൾ റഹീം എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായാണു മണൽവേട്ടയ്ക്കിറങ്ങിയത്. ഉളുവാർ പുഴയിൽനിന്ന് മൂന്നു തോണിയും ഇച്ചിലംകോട് കൽപ്പാറ കടവിൽ നിന്നു അഞ്ചു തോണിയും കണ്ടെടുത്തു. കൽപ്പാറയിൽ നിന്നു സിഐയാണു തോണി ഉളുവാർ കടവിലെത്തിച്ചത്. കരയിലേക്കു നീക്കിയ തോണികൾ ജെസിബി ഉപയോഗിച്ചു തകർത്തു. പോലീസിന്റെ കണ്ണു വെട്ടിച്ച് പൂഴിക്കടത്ത് നടക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.