മരട്: കാന നിർമിക്കുന്നതിനു മണ്ണെടുക്കുന്നതിനിടെ മതിൽ തകർന്നു വീണ് തൊഴിലാളി മരിച്ചു. കുന്പളം ലക്ഷംവീട് വടക്കേതായിൽ തേവന്റെ മകൻ രാജൻ (58) ആണ് മരിച്ചത്. കൽപ്പണിക്കാരനായ ഇയാൾ കുന്പളം പഞ്ചായത്തിലെ കരാർ ജീവനക്കാരനാണ്. പനങ്ങാട് ചക്കനാട്ട് കടവിൽ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. റോഡിനോട് ചേർന്ന് കുന്പളം പഞ്ചായത്ത്വക കാന നിർമിക്കുന്നതിനായി മണ്ണു കോരി നീക്കുകയായിരുന്ന രാജന്റെ ദേഹത്ത് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ അടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ രാജനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കൾ: ആദിത്യ, ആര്യ, അരുവി, ആരോമൽ.