ഗപ്പിക്കു ശേഷം ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന അമ്പിളി റിലീസിനൊരുങ്ങുന്നു. സൗബിൻ ഷഹീർ, നവീൻ നസീം എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നസ്രിയ നസീമിന്റെ സഹോദരനായ നവീന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്പിളി. ജോണ് പോൾ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചതും. പുറത്തു വിട്ട ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പുതുമുഖം തൻവി റാം ആണ് സിനിമയിലെ നായിക. ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സുരാജ്, മുഹമ്മദ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ4 എന്റർടെയ്ൻമെന്റ്സ്, എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മെഹ്ത, സി.വി. സാരഥി, എ.വി. അനൂപ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.