ഇഷ്ടതാരത്തിനൊപ്പം ഒരു സെൽഫി ഏതൊരു ആരാധകന്റെയും ആരാധികയുടെയും അഭിലാഷമാണ്. മണിക്കൂറുകൾ കാത്തു നിന്നെങ്കിലും ആ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലുമായ ശ്വേത വിനോദ്.
തന്റെ പ്രിയനടൻ രണ്‍വീർ സിംഗിനൊപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം ശ്വേത കുറച്ചു ദിവസങ്ങൾക്കു മുന്‍പ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.ക്രിക്കറ്റ് ഇതിഹാസം കപിൽദേവായി രണ്‍വീർ സിംഗ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83-യിൽ ശ്വേതയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
83യുടെ ചിത്രീകരണത്തിനിടയിൽ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയെടുക്കാനായതിന്റെ സന്തോഷം ഫേസ്ബുക്ക് കുറുപ്പിൽ ശ്വേത പങ്കുവയ്ക്കുന്നു... "എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതും.. എന്നാൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാൻ നിങ്ങളുടെ കടുത്ത ആരാധികയാണ്... രണ്‍വീർ.. നല്ല മനുഷ്യനാണ് നിങ്ങൾ...ഇതിന് ഒരുപാട് നന്ദി... ഈ ഫോട്ടോ ഞാനെന്റെ ജീവനെപ്പോലെ സൂക്ഷിക്കും...’ ചിത്രത്തിനൊപ്പം ശ്വേത കുറിച്ചു.
സെൽഫിക്കായി മണിക്കൂറുകളോളം കാത്തുനിന്നതും ശ്വേത വിവരിക്കുന്നു. പുലർച്ചെ നാലേമുക്കാലിന് ഷൂട്ട് തീർന്ന് രണ്‍വീർ വസ്ത്രം മാറുവാനായി പോയി. രണ്‍വീർ മേക്കപ്പും കോസ്റ്റ്യൂമും മാറ്റി വരുന്നതുവരെ ഞാൻ കാത്തുനിന്നു. പക്ഷേ, കോസ്റ്റ്യൂം മാറി രണ്‍വീർ പുറത്തെത്തിയ സമയത്ത് സംവിധായകൻ എന്നെ വിളിച്ചു. രണ്‍വീർ അപ്പോഴേക്കും മുറിയിൽ നിന്നു പുറത്തേക്കും പോയി.
ഞാൻ ഹൃദയം തകർന്നു നിൽക്കുന്പോൾ, എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുകയായിരുന്നു. നോക്കുന്പോൾ രണ്‍വീർ എന്നെ കാത്തുനിൽക്കുന്നു. ഷൂട്ടിനിടയിൽ പല തവണ കൂടെ നിന്ന് ഒരു സെൽഫിയെടുക്കണമെന്ന ആഗ്രഹം ഞാൻ പ്രകടിപ്പിച്ചിരുന്നു. പുലർച്ചെ തുടങ്ങിയ ഷൂട്ട് തീർന്നു വളരെയധികം ക്ഷീണിതനായിട്ടും തനിക്കു കൂടെ നിന്നൊരു ഫോട്ടോ എടുക്കാൻ വേണ്ടി കാത്തുനിന്ന രണ്‍വീറിനെ കണ്ട് താൻ ആവേശഭരിതയായെന്നും ശ്വേത പറയുന്നു.
ഇര, മേരേ പ്യാരി ദേശ്വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത വിനോദ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ’83’ കബീർ ഖാനാണ് സംവിധാനം ചെയ്യുന്നത്. കപിലായി രണ്‍വീർ എത്തുന്പോൾ ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.
കാത്ത് കാത്തിരുന്നെടുത്ത സെൽഫി!
01:43 PM Jul 13, 2019 | Deepika.com