"കാഴ്ച' പ്രശ്നം; തൊണ്ടിമുതൽ കാണാൻ വൈകി

01:45 PM Jul 21, 2017 | Deepika.com
"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ദിലീഷ് പോത്തൻ ചിത്രത്തെ പ്രശംസകൊണ്ട് മൂടി സംവിധായകൻ സത്യൻ അന്തിക്കാട്. ചില "കാഴ്ച' പ്രശ്നങ്ങൾ കാരണം ചിത്രം കാണാൻ വൈകിയെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്കിൽ അന്തിക്കാടിന്‍റെ പോസ്റ്റ് തുടങ്ങുന്നത്.

ചിത്രം തന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യം തന്നെ അത്ഭുതപ്പെടുത്തി. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ് സേനനുമൊക്കെ മലയാള സിനിമയ്ക്ക് നൽകിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്‍റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അന്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്‍റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്‍റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ.