+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒത്തൊരുമയുടെ കൊയ്ത്തുത്സവം

ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയും മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്‌തമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവപ്രതീതിയായി.സെന്റ്
ഒത്തൊരുമയുടെ കൊയ്ത്തുത്സവം
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയും മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്‌തമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവപ്രതീതിയായി.

സെന്റ് മേരീസ് സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും ഡവലപ്മെന്റ് സൊസൈറ്റിയുംചേർന്ന് മൂന്നുമാസംമുമ്പാണ് പാടത്ത് വിത്തിറക്കിയത്. ആദ്യമായി ചെളികണ്ടത്തിൽ ഞാറുനടാൻ ഇറങ്ങിയ പല കുട്ടികളും ഉത്സാഹതിമിർപ്പിലാണ് നെല്ലുകൊയ്യാനായി പാടത്തിറങ്ങിയത്.

സ്കൂൾ യൂണിഫോമിലെത്തിയ കുട്ടികൾ ദേഹത്തുപറ്റിയ ചെളിയും ചെളിമണവും അഭിമാനബോധത്തോടെ ഏറ്റെടുക്കുകയായിരുന്നു. സ്വന്തമായി നട്ടുവളർത്തിയ ഞാറ് കതിരായി കൊയ്തെടുക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആത്മസംതൃപ്തിയുണ്ടെന്ന് കുട്ടികൾ പറയുന്നു. സെന്റ് മേരീസ് സ്കൂളിലെ എൽപി വിഭാഗം കുട്ടികളും മുതിർന്ന കുട്ടികൾക്കൊപ്പം പാടത്തെത്തി കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു.

സൊസൈറ്റി നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് നെൽകൃഷി നടത്തിയതെന്ന് എച്ച്ഡിഎസ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വിഷമില്ലാത്ത ഭക്ഷണത്തിലൂടെ കാൻസർപോലുള്ള രോഗങ്ങളെ അകറ്റാനാകുമെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനും കുറഞ്ഞ ചിലവിൽ വിഷരഹിത ഭക്ഷണം പകർന്നുനൽകാനും ലക്ഷ്യമിട്ടാണ് നെൽകൃഷി നടത്തിയതെന്നും ഫാ. കൊച്ചുപുരയ്ക്കൽ പറഞ്ഞു.

കുട്ടികൾക്കായി ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി പുത്തരി പായസവും തയാറാക്കിയിരുന്നു.ഞാറുനട്ട് ഉദ്ഘാടനംചെയ്ത മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് തന്നെയാണ് കൊയ്ത്തുത്സവവും ഉദ്ഘാടനംചെയ്തത്.

ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, കൃഷി അസിസ്റ്റന്റ് ഷാജിമോൾ, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ പി.വി. എൽസി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആൽഫ മരിയ ജോസ്, അധ്യാപകരായ എബി അബ്രാഹം, സിസ്റ്റർ അമൽ മരിയ, സ്കൗട്ട് മാസ്റ്റർ എന്റോണി ജെ. കുളത്തിനാൽ, ഗൈഡ് ക്യാപ്റ്റൻ ഡോണ ജയിംസ്, എച്ച്ഡിഎസ് പ്രോഗ്രാം ഓഫീസർ ബിനീഷ് കോട്ടൂർ, എച്ച്ഡിഎസ് ജീവനക്കാർ തുടങ്ങിയവർ നേതൃത്വംനൽകി.