+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെട്രോൾ പമ്പിൽ യുവാവിനെ ആക്രമിച്ച കേസ്: പ്രതികളുമായി തെളിവെടുത്തു

വൈപ്പിൻ: വല്ലാർപാടം പള്ളിക്കൽ പാട്രിക്കിന്റെ മകൻ നിഖിൽ ജോസി (26) നെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി നായരമ്പലം കാവുങ്കൽ സരുൺ (30), രണ്ടാം പ്രതി വേലിയകത്ത് കുട്ടു
പെട്രോൾ പമ്പിൽ യുവാവിനെ ആക്രമിച്ച കേസ്: പ്രതികളുമായി തെളിവെടുത്തു
വൈപ്പിൻ: വല്ലാർപാടം പള്ളിക്കൽ പാട്രിക്കിന്റെ മകൻ നിഖിൽ ജോസി (26) നെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി നായരമ്പലം കാവുങ്കൽ സരുൺ (30), രണ്ടാം പ്രതി വേലിയകത്ത് കുട്ടു എന്ന നിതീഷ് (24) എന്നിവരെ ഞാറക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഞാറക്കൽ സിഐ കെ. ഉല്ലാസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

സംഭവം നടന്ന എടവനക്കാട്ടെ പെട്രോൾ പമ്പിലും ഒളിവിൽ കഴിഞ്ഞിരുന്ന മാളയിലെ ഒരു വീട്ടിലുമെത്തിച്ചാണു തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പിൽ സംഭവത്തിനു ദൃക്സാക്ഷികളായ ജീവനക്കാർക്കു മുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തുകയും ഇവർ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. നിഖിലിനെ ഒന്നും രണ്ടും പ്രതികൾ ചേർന്നു കത്തികൊണ്ട് ആക്രമിക്കുമ്പോൾ ആക്രമണം ആസൂത്രണം ചെയ്ത മൂന്നാം പ്രതി നായരമ്പലം കിഴക്കേടത്ത് വികാസ്(41) സംഭവം വീക്ഷിച്ചു പമ്പിന് അൽപ്പം മാറി നിൽക്കുന്നുണ്ടായിരുന്നുവെന്നു മുഖ്യപ്രതികൾ പോലീസിനോട് പറഞ്ഞു.

ആക്രമിക്കാനുപയോഗിച്ച മൂർച്ചയേറിയ പേപ്പർ കട്ടർ ഒന്നാം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു. നായരമ്പലത്തുനിന്നു പ്രതികൾ നിഖിലിനെ പിന്തുടർന്നു പോകുംവഴി എടവനക്കാട് അണിയൽ ഭാഗത്തെ ഒരു കടയിൽ നിന്നാണു പേപ്പർ കട്ടർ വാങ്ങിയത്. സംഭവത്തിനുശേഷം നായരമ്പലത്തുനിന്നു മുളവുകാടും അവിടെനിന്ന് ആലുവയിലുള്ള രണ്ടാം പ്രതിയുടെ സഹോദരിയുടെ വീട്ടിലുമെത്തിയ പ്രതികൾ പിന്നീട് കോട്ടയം മല്ലപ്പിള്ളി ഭാഗത്തേക്കു കടന്നു.

തുടർന്നു മാളയിലെത്തിയ ഇവർ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം സരുൺ, നിതീഷ് എന്നിവരെ നാളെ കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നു പ്രതികൾക്കെതിരേയും വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്.