+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാർ – പൂപ്പാറ ബോഡിമെട്ട് ഹൈവേക്ക് 380കോടിയുടെ കേന്ദ്രാനുമതി: ജോയ്സ് ജോർജ്

അടിമാലി: ദേശീയപാത 85 (പഴയ എൻഎച്ച് 49)ന്റെ വികസനത്തിന് 380.76 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ജോയ്സ് ജോർജ് എംപി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഡൽഹിയിൽ കേന്ദ്ര ട്രാൻസ്പോർട്ട് ഭവനിൽ
മൂന്നാർ – പൂപ്പാറ ബോഡിമെട്ട് ഹൈവേക്ക് 380കോടിയുടെ കേന്ദ്രാനുമതി: ജോയ്സ് ജോർജ്
അടിമാലി: ദേശീയപാത 85 (പഴയ എൻഎച്ച് 49)ന്റെ വികസനത്തിന് 380.76 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ജോയ്സ് ജോർജ് എംപി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഡൽഹിയിൽ കേന്ദ്ര ട്രാൻസ്പോർട്ട് ഭവനിൽചേർന്ന റോഡ് ഗതാഗത – ഹൈവേ മന്ത്രാലയത്തിന്റെ പ്രത്യേക യോഗത്തിലാണ് കേന്ദ്രാനുമതി നൽകിയത്. സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ഒരു റോഡിന് ഇത്രയുമധികം തുക ലഭിക്കുന്ന ആദ്യത്തെ ദേശീയപാതയായി എൻഎച്ച് 85 മാറും.

മൂന്നാർ മുതൽ പൂപ്പാറ – ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ ദൂരം റോഡാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ റോഡ് വികസന പദ്ധതിയായ എൻജിനീയറിംഗ് പ്രൊക്കെയർമെന്റ് കോൺട്രാക്ട് (ഇപിസി) രീതിയനുസരിച്ചാണ് റോഡ് വികസനം നടത്തുന്നത്. വർക്ക് ഏറ്റെടുക്കുന്ന കമ്പനിതന്നെ എൻജിനീയറിംഗും നിർവഹണവും നടത്തുന്ന രീതിയാണിത്.

റോഡിന്റെ സിവിൽ വർക്കുകൾക്ക് 298 കോടി രൂപയും ഭുമി ഏറ്റെടുക്കുന്നതിനും വൈദ്യുതി, വാട്ടർ അഥോറിട്ടി, ബിഎസ്എൻഎൽ ലൈനുകൾ മാറ്റി സ്‌ഥാപിക്കുന്നതിനും റോഡ് സുരക്ഷ മാർഗങ്ങൾ സ്‌ഥാപിക്കുന്നതിനും സൂപ്പർ വിഷൻ മെയിന്റനൻസ് ചെലവുകൾക്കും ഉൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര ധനകാര്യ അനുമതികൂടി ലഭിച്ചതോടെ ഇന്നുതന്നെ വർക്ക് ടെൻഡർ ചെയ്യുമെന്നും എംപി പറഞ്ഞു. സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്കാണ് നിർമാണ ചുമതല. രണ്ടുവർഷംകൊണ്ട് മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കണം.

രണ്ടുവർഷമായി നിരന്തരമായി നടത്തിവന്ന പരിശ്രമത്തിലൂടെയാണ് കേന്ദ്രാനുമതി നേടിയെടുക്കാൻ കഴിഞ്ഞത്. മുന്നാർ – പൂപ്പാറ – ബോഡിമെട്ട് ഹൈവേയുടെ വികസനത്തിന് ആവശ്യമായ സ്‌ഥലം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

കേന്ദ്ര റോഡ് – ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുമായി നിരവധി തവണ ഈ ആവശ്യമുന്നയിച്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കേന്ദ്രത്തിൽനിന്നും 800 കോടിയോളം രൂപ ഹൈവേ വികസനത്തിനായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതായും എംപി വ്യക്‌തമാക്കി. അടിമാലി – കുമളി ഹൈവേ നിർമാണം പുരോഗമിക്കുകയാണ്. ഇടുക്കിയുടെ ഹൈവേ വികസനത്തിന് 380 കോടി രൂപ അനുവദിച്ച കേന്ദ്ര ഹൈവേ വികസന മന്ത്രാലയത്തേയും മന്ത്രി നിതിൻ ഗഡ്ഗരിയേയും എംപി അഭിനന്ദിച്ചു.