സിനിമാ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും ഇതാണു സിനിമയിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചതെന്നും സൈറ പറഞ്ഞു.
ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണു സൈറ അഞ്ചു വർഷം നീണ്ട തന്റെ അഭിനയ കരിയർ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. ജമ്മു കാഷ്മീർ സ്വദേശിയാണ് പതിനെട്ടുകാരിയായ സൈറ.
ബോളിവുഡ് തനിക്കു പ്രശസ്തി നേടിത്തന്നു. എന്നാൽ ആ വ്യക്തിത്വത്തിൽ താൻ സന്തോഷവതിയയായിരുന്നില്ല. ഒരുപാടു സ്നേഹവും പിന്തുണയും സിനിമാലോകത്തുനിന്നു ലഭിച്ചു. എന്നാൽ അത് തന്നെ അജ്ഞതയിലേക്കു നയിച്ചു. ബോധപൂർവമല്ലാതെ താൻ വിശ്വാസത്തിൽനിന്ന് അകന്നു. തന്റെ മതവുമായും അള്ളാഹുവുമായുള്ള തന്റെ ബന്ധത്തിന് അഭിനയം ഭീഷണിയായി. തന്റെ ജീവിതത്തിൽനിന്ന് എല്ലാ അനുഗ്രഹങ്ങളും നഷ്ടപ്പെട്ടെന്നും അള്ളാഹുവിന്റെ മാർഗനിർദ്ദേശങ്ങളാണ് തന്നെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നും സൈറ ഫേസ്ബുക്കിൽ എഴുതി.
നിതേഷ് തിവാരിയുടെ ആമിർ ഖാൻ ചിത്രം ദംഗലിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സൈറയ്ക്ക്, ആദ്യ ചിത്രം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തു. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് സൈറയ്ക്കു ലഭിച്ചു.
രണ്ടാം ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിലെ അഭിനയത്തിനു മികച്ച നടിക്കുമുള്ള ജൂറി പരാമർശം സൈറ സ്വന്തമാക്കി. സൈറ അഭിനയിച്ച ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങവെയാണ് അഭിനയരംഗത്തുനിന്നു നടി വിടവാങ്ങൽ പ്രഖ്യാപിക്കുന്നത്.
സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് ദേശീയ പുരസ്കാര ജേതാവ് സൈറ വസിം
04:39 PM Jun 30, 2019 | Deepika.com