ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബാ​ബു നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

01:44 PM Jun 29, 2019 | Deepika.com

സം​വി​ധാ​യ​ക​ൻ ബാ​ബു പി​ഷാ​ര​ടി (ബാ​ബു -59) അ​ന്ത​രി​ച്ചു. പുലർച്ചെ 6.45ന് ​തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം തൃ​ശൂ​ർ ചെ​ന്പൂ​ക്കാ​വി​ലെ വ​സ​തി​യി​ൽ പൊ​തുദ​ർ​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​കയാണ്.

അ​ധ്യാ​പി​ക​യാ​യ ജ്യോ​തി ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. ലാ​ൽ ജോ​സ് ചി​ത്ര​മാ​യ "ത​ട്ടും പു​റ​ത്ത് അ​ച്യു​ത​ൻ' എന്ന ചിത്രത്തിൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യായ ശ്ര​വ​ണ​യും അ​സി​സ്റ്റ​ന്‍റ് കാ​മ​റാ​മാ​ൻ ദ​ർ​ശ​നും മ​ക്ക​ളാ​ണ്. സം​സ്കാ​രം ഇന്നു വൈ​കീ​ട്ട് നാലിന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘട്ടിൽ.

സം​വി​ധാ​യ​ക​ൻ അ​നി​ൽ കു​മാ​റു​മാ​യി ചേ​ർ​ന്ന് അനിൽ-ബാബു എന്ന കൂ​ട്ടു​കെ​ട്ടി​ൽ 24 ഓ​ളം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. തൊ​ണ്ണൂ​റു​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ തി​ര​ക്കു​ള്ള സം​വി​ധാ​യ​ക​നാ​യി​രു​ന്നു ബാ​ബു നാ​രാ​യ​ണ​ൻ എ​ന്ന ബാ​ബു പി​ഷാ​ര​ടി. കോഴിക്കോട് സ്വദേശിയാണ്.

ഹ​രി​ഹ​ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യി​ട്ടാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ന്ന് പി.ആ​ർ.​എ​സ്. ബാ​ബു എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. "അനഘ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി. നെ​ടു​മു​ടി വേ​ണു, പാ​ർ​വ​തി, മു​ര​ളി എ​ന്നി​വ​രാ​യി​രു​ന്നു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ. പി​ന്നീ​ട് പു​രു​ഷ​ൻ ആ​ല​പ്പു​ഴ​യു​ടെ ക​ഥ​യി​ൽ "പൊ​ന്ന​ര​ഞ്ഞാ​ണം' എന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു.

ഇതിന് ശേഷമാണ് അ​നി​ലി​ന്‍റെ "പോ​സ്റ്റ് ബോ​ക്സ് ന​ന്പ​ർ 27' എ​ന്ന ചി​ത്ര​ത്തി​ൽ അ​സോ​സി​യേ​റ്റാ​വു​ന്ന​ത്. ആ ​പ​രി​ച​യം സൗ​ഹൃ​ദ​മാ​യി വ​ള​രു​ക​യും അ​വ​ർ സം​വി​ധാ​ന ജോ​ഡി​ക​ളാ​യി മാറുകയുമായിരുന്നു. അ​ങ്ങ​നെ അ​നി​ൽ ബാ​ബു എ​ന്ന ​ഇ​ര​ട്ട സം​വി​ധാ​യ​ക​രുടെ വി​ജ​യ കൂ​ട്ടു​കെ​ട്ടി​ന് തി​ട​ക്കം കു​റി​ക്കു​ക​യും നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ പി​റ​വി​യെ​ടു​ക്കു​ക​യും ചെ​യ്തു.

1992-ൽ ​"മാ​ന്ത്രി​ക​ചെ​പ്പ്' എന്ന ചിത്രത്തിലൂടെ അ​നി​ൽ ബാ​ബു എ​ന്ന ജോഡി മ​ല​യാ​ള​ത്തി​ൽ സംവിധായകരായി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ജ​ഗ​ദീ​ഷ് നാ​യ​ക​നാ​യ ഈ ​കൊ​ച്ചു സി​നി​മ ഹി​റ്റാ​യ​തോ​ടെ മ​ല​യാ​ള​ത്തി​ലെ തി​ര​ക്കു​ള്ള സം​വി​ധാ​യ​ക​രാ​യി ഇരുവരും മാറി.

വെ​ൽ​ക്കം ടു ​കൊ​ടൈ​ക്ക​നാ​ൽ, ഇ​ഞ്ച​ക്കാ​ട​ൻ മ​ത്താ​യി & സ​ണ്‍​സ്, അ​ച്ഛ​ൻ കൊ​ന്പ​ത്ത് അ​മ്മ വ​ര​ന്പ​ത്ത്, അ​ര​മ​ന​വീ​ടും അ​ഞ്ഞൂ​റേ​ക്ക​റും, ര​ഥോ​ത്സ​വം, ക​ളി​യൂ​ഞ്ഞാ​ൽ, മ​യി​ൽ​പ്പീ​ലി​ക്കാ​വ്, പ​ട്ടാ​ഭി​ഷേ​കം, സാ​ക്ഷാ​ൽ ശ്രീ​മാ​ൻ ചാ​ത്തു​ണ്ണി, കു​ടും​ബവി​ശേ​ഷം, സ്ത്രീ​ധ​നം, ഉ​ത്ത​മ​ൻ, പ​ക​ൽ​പ്പൂ​രം, വാ​ൽ​ക്ക​ണ്ണാ​ടി, ഞാ​ൻ സ​ൽ​പ്പേ​ര് രാ​മ​ൻ​കു​ട്ടി തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ആ ​കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്നു. ഇ​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും ഹി​റ്റു​ക​ളു​മാ​യി​രു​ന്നു.

മ​മ്മൂ​ട്ടി​യും ദി​ലീ​പും ശാലിനിയും ശോഭനയും അഭിനയിച്ച കളിയൂഞ്ഞാലും സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ര​ഥോ​ത്സവവും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ മ​യി​ൽ​പ്പീ​ലി​ക്കാ​വും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 2004 ൽ ​ഇ​റ​ങ്ങി​യ "പ​റ​യാം' എന്ന ചിത്രമായിരുന്നു കൂ​ട്ടു​കെ​ട്ടി​ലെ അ​വ​സാ​ന ചി​ത്രം.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഗു​രു​നാ​ഥ​നാ​യ ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത "കേ​ര​ള​വ​ർ​മ്മ പ​ഴ​ശി​രാ​ജ'​ എന്ന ചിത്രത്തിൽ സഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മം​മ്ത​യെ നാ​യി​ക​യാ​ക്കി സം​വി​ധാ​നം ചെ​യ്ത" ടു ​നൂ​റാ വി​ത്ത് ലൗ' ​എ​ന്ന ചി​ത്രം 2014-ൽ ​പു​റ​ത്തു വ​ന്നു. മം​മ്തയ്ക്ക് പുറമേ ക​നി​ഹ, മു​കേ​ഷ്, കൃ​ഷ് ജെ. ​സ​ത്താ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അഭിനയിച്ചത്.