ആദ്യ ട്രെയ്ലറിനെ പോലെ തന്നെ സായ്പല്ലവിക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ട്രെയ്ലറും തയാറാക്കിയിരിക്കുന്നത്. പ്രേമം എന്ന ചിത്രം ദക്ഷിണേന്ത്യ മുഴുവൻ ചർച്ചയായപ്പോൾ നായകൻ നിവിൻ പോളിയേക്കാൾ ട്രെൻഡ് സെറ്റർ ആയത് മലർ എന്ന കഥാപാത്രമായെത്തിയ സായ് പല്ലവി ആണ്.
പ്രേമത്തിന് പിന്നാലെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും സായ് പല്ലവിയെ തേടി ഓഫർ എത്തി. വിജയ്, അജിത് , വിക്രം, സൂര്യ സിനിമകളിൽ സായ് പല്ലവിയുടെ പേര് ഉയർന്നുകേട്ടെങ്കിലും ദുൽഖർ സൽമാനൊപ്പം കലി എന്ന മലയാള ചിത്രമാണ് രണ്ടാമതായി സായ് പല്ലവി ചെയ്തത്.
ഇതിന് പിന്നാലെ തമിഴിലും തെലുങ്കിലും സിനിമകൾ ഏറ്റെടുത്തു. തെലുങ്കിൽ ഫിദ എന്ന ചിത്രമാണ് സായ് പല്ലവി ചെയ്തത്. ഈ സിനിമയുടെ ടീസറിന് പിന്നാലെ പുറത്തുവന്ന സായ് പല്ലവിയുടെ ഡബ്ബിംഗ് സ്റ്റുഡിയോയിലെ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.ഫിദയുടെ സംവിധായകൻ ശേഖർ കമ്മുലയാണ് സായ് പല്ലവി നാക്കുളുക്കിയും വാക്കുകൾ പിഴച്ചും ഏറെ പ്രയത്നിച്ച് തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടത്.
തെലങ്കാന പെണ്കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവർത്തനം എന്നാണ് വീഡിയോയ്ക്ക് ശേഖർ നൽകിയ അടിക്കുറിപ്പ്. എൻആർഐ യുവാവും തെലുങ്കാനാ നാടൻ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ഫിദ.