15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനു സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍നിന്നു ലഭിക്കുന്ന മാര്‍ഗനിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തും.
എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന് നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നതു മുതല്‍ വാക്സിന് നല്‍കിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കിയാല് മതിയാകും.
ഈ ഗ്രൂപ്പില്‍ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാല്‍ അവരുടെ ആരോഗ്യനിലകൂടി ഉറപ്പുവരുത്തും. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ വാക്സിനേഷന് ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാല്‍ 18 വയസിനു മുകളില്‍ വാക്സിനെടുക്കാനുള്ളവര്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കണം. ആദ്യഡോസ് വാക്സിന് എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും ഈ ആഴ്ചതന്നെ വാക്സിന് സ്വീകരിക്കണം. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിന് സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.
വാക്സിനേഷനു സംസ്ഥാനം സജ്ജം: മന്ത്രി
10:55 AM Dec 27, 2021 | Deepika.com