താരസംഘടനയായ അമ്മയുടെ ആൺമേധാവിത്തം പുലർത്തുന്ന തീരുമാനങ്ങളോടാണ് താൻ എതിർപ്പു പ്രകടിപ്പിച്ചതെന്നും തന്റെ പ്രതിഷേധം ദിലീപ് എന്ന വ്യക്തിക്കെതിരെയല്ലെന്നും നടി രഞ്ജിനി. തന്റെ ഫേസ്ബുക്ക് പേജിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നടൻ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം വന്നപ്പോൾ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പം ശക്തമായ പ്രതിഷേധവുമായി രഞ്ജിനി രംഗത്തു വന്നിരുന്നു. അമ്മ സംഘടനയുടെ പേര് മാറ്റണമെന്നും രഞ്ജിനി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിരപരാധിത്വം തെളിയാതെ അമ്മയിലേക്ക് തിരികെയില്ലെന്ന ദിലീപിന്റെ നിലപാടിൽ നന്ദിയുണ്ടെന്നും രഞ്ജിനി പറയുന്നു. ദിലീപ് മാന്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കോടതിവിധിക്കായി താൻ കാത്തിരിക്കുകയാണെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അമ്മയുടെ തീരുമാനത്തിൽ തനിക്ക് വളരെ നിരാശയുണ്ട്. എന്തുകൊണ്ട് അവർക്ക് തങ്ങളുടെ സഹോദരിയോട് മാപ്പുപറഞ്ഞുകൂടാ. നമ്മളൊന്ന്, നമ്മളൊരു കുടുംബം എന്ന അമ്മയുടെ മുദ്രവാക്യം പിന്നെന്തിനാണ്- രഞ്ജിനി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ദിലീപിനോടൊത്ത് രഞ്ജിനി അഭിനയിച്ച റിങ്മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധം ദിലീപ് എന്ന വ്യക്തിക്കെതിരെയല്ല: രഞ്ജിനി
09:39 AM Jul 06, 2018 | Deepika.com