ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോൾ വേറിട്ട പരീക്ഷണങ്ങളിലൂടെ അതിജീവനത്തിന്റെ വഴികൾ തേടുകയാണ് കാനഡയിലെ യുവസമൂഹം. കത്തോലിക്ക യുവസമൂഹമാണ് യുവാക്കൾക്കായി പുതിയ പരിപാടികൾ ആവിഷ്കരിച്ചത്.
ഇന്ത്യയിൽനിന്നു പതിനായിരക്കണക്കിനു യുവാക്കളാണ് കാനഡയിലെ വിവിധ പ്രോവിൻസുകളിലായി പഠന വീസയിൽ എത്തിയിട്ടുള്ളത്. ലോക്ക്ഡൗണ്‍ മൂലം പാർട്ട്ടൈം തൊഴിൽ അവസരങ്ങൾ പെട്ടെന്നു കുറഞ്ഞതും സുഹൃത്തുകളിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്നതും രോഗഭീതിയും അലട്ടുമ്പോൾ ആശ്വാസമായി പ്രാർഥനയും വിവിധ പരിപാടികളും ഇവർ ആവിഷ്കരിച്ചിട്ടുണ്ട്. മിസിസാഗ സിറോ മലബാർ രൂപതയിൽ ആരംഭിച്ച ഓണ്‍ലൈൻ കൂട്ടായ്മ വിവിധ സേവനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
കനേഡിയൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഉത്തരം നൽകാനും പൊതുസമൂഹത്തിനു മാർഗദർശനം നൽകാനും പരിപാടി സഹായകമാണ്. കാനഡയിൽ സാമൂഹിക ആരോഗ്യ ഭരണ നിർവഹണ മേഖലകളിൽ പ്രവർത്തിക്കുന്നവരെ അണിനിരത്തിയാണഅ ചോദ്യോത്തര പരിപാടികൾ.
പ്രശസ്തരായ മലയാളികൾ ഉൾപ്പെടെ നിരവധിപേരെ ഓണ്‍ലൈൻ സംഗമങ്ങളിൽ എത്തിക്കാനും കഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ ലിയോ തദേവൂസ് എന്നിവർ സംവദിക്കാനെത്തി. ഓസ്ട്രേലിയയിൽനിന്നു ലോകമെമ്പാടും സഞ്ചരിച്ചു സംഗീത പരിപാടികളിലൂടെ യുവാക്കൾക്ക് ഉണർവേകുന്ന യുവ പുരോഗിതൻ ഫാ. റോബർട്ട് ഗാലിയ സാൻഡ് ഹെഴ്സ്ട് രൂപതയിലെ ബെൻഡിഗോയിൽനിന്നു കനേഡിയൻ കൂട്ടായ്മയിൽ പങ്കുചേർന്നു.
എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ അഞ്ച് ആഴ്ചയായി തുടർന്നുവന്ന ഓണ്‍ലൈൻ പരിപാടികളിലും വെബ്സൈറ്റ്വഴി നൽകുന്ന സേവനങ്ങളും മൂവായിരത്തിലേറെ പേർ ഇതിനകം പ്രയോജനപ്പെടുത്തി.
രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യുവജനങ്ങൾ മുൻകൈയെടുക്കുന്നു. യുവജന അപ്പോസ്തലേറ്റിന്റെ ഡയറക്ടർ ഫാ. ജോജോയുടെയും നാഷണൽ പ്രസിഡന്റ് രാജിന്റെയും നേതൃത്വത്തിലാണ് യുവജനങ്ങളുടെ പ്രവർത്തനം.
ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ
പ്രതിസന്ധികൾക്കിടെ വേറിട്ട വഴിയിലൂടെ കനേഡിയൻ യുവത
06:17 PM Apr 30, 2020 | Deepika.com