ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേൽക്കാൻ രണ്ടു ജഡ്ജിമാർ കാറിൽ യാത്ര ചെയ്യുന്നത് 2,000 കിലോമീറ്ററിൽ അധികം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമ- റെയിൽ ഗതാഗതം നിർത്തിവച്ചതിനെ തുടർന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായി ഉയർത്തപ്പെട്ട ജഡ്ജിമാർ ഇത്ര ദൂരം കാറിൽ യാത്ര ചെയ്യേണ്ടിവരുന്നത്.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ദീപാങ്കർ ദത്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റെടുക്കാനാണ് കാറിൽ യാത്ര തുടങ്ങിയത്. ശനിയാഴ്ച മകനൊപ്പം യാത്ര തുടങ്ങിയ ജസ്റ്റീസ് ദത്ത ഇന്ന് ഉച്ചയോടെ മുംബൈയിലെത്തും. അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബിശ്വനാഥ് സോംദാർ മേഘാലയ ചീഫ് ജസ്റ്റീസായി ചുമതലയേറ്റെടുക്കാനാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഭാര്യയോടൊപ്പം പുറപ്പെട്ട അദ്ദേഹം ഇന്നലെ ഷില്ലോംഗിലെത്തി.
ഇരുവരെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായി ഉയർത്തി വ്യാഴാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്.
ചീഫ് ജസ്റ്റീസായി ചുമതലയേൽക്കാൻ 2,000 കി.മീ. കാർയാത്ര
06:43 PM Apr 27, 2020 | Deepika.com