കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നടപടികൾ ലംഘിച്ചതിനു ജർമൻ പോലീസ് ശനിയാഴ്ച ബർലിനിൽ ഡസൻ കണക്കിനു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ബർലിനിൽ വാരാന്ത്യ പരിപാടിയായി മാറിയ റാലിയിൽ ആയിരത്തോളം പേർ പങ്കെടുത്തു.
ശനിയാഴ്ച നടന്ന പ്രതിഷേധം പ്രധാനമായും ഇടതുപക്ഷ പ്രവർത്തകരെ ആകർഷിച്ചെങ്കിലും വലതുപക്ഷ പിന്തുണക്കാരും മറ്റ് അതിർത്തി ഗ്രൂപ്പുകളിലെ അംഗങ്ങളും ഉണ്ടായിരുന്നു. പ്രതിഷേധക്കാർ പോകുന്ന റോസ ലക്സംബർഗ് സ്ക്വയറിനു ചുറ്റും പോലീസ് ബാരിക്കേഡുകൾ ഏർപ്പെടുത്തിയതു മൂലം പങ്കെടുത്തവർ അടുത്തുള്ള റോഡുകളിൽ ഒത്തുകൂടി.
ചാൻസലർ ആംഗല മെർക്കൽ ജനങ്ങളുടെ ജീവിതം വിലക്കി എന്ന് ആരോപിച്ചു ചില പ്രകടനക്കാർ ടി ഷർട്ടുകൾ ധരിച്ചിരുന്നു. മറ്റു ചിലർ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു.
പ്രധാന പ്രതിപക്ഷക്കാരായ തീവ്ര വലതുപക്ഷമാണ് ലോക്ക്ഡൗണ്‍ നടപടികളെ എതിർക്കുന്നത്. തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമനി (അഫ്ഡി) പാർട്ടി, വൈറസ് ഉണ്ടാക്കുന്ന അപകടസാധ്യതയെ സർക്കാർ പെരുപ്പിച്ചു കാണിക്കുന്നുവെന്ന് ആരോപിക്കുകയും എല്ലാ ബിസിനസുകളും ഉടനടി വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബർലിനിൽ ലോക്ക് ഡൗണ്‍ പ്രതിഷേധക്കാർ അറസ്റ്റിൽ
04:36 PM Apr 27, 2020 | Deepika.com