ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് -19 വ്യാപനത്തിനു വേഗം കൂടുന്നു. മെക്സിക്കോ മുതൽ തെക്കോട്ടു കിടക്കുന്ന ഈ രാജ്യങ്ങളിൽ മൊത്തം ഒന്നര ലക്ഷത്തോളം പേർക്കു രോഗം ബാധിച്ചിട്ടുണ്ട്. മരണം എണ്ണായിരത്തിനു മുകളിലായി. 63 കോടി ജനങ്ങളാണ് ഏറെ നഗരവത്കരിക്കപ്പെട്ട ലാറ്റിനമേരിക്കയിൽ ഉള്ളത്.
മേഖലയിൽ വലുപ്പത്തിലും ജനസംഖ്യയിലും ഒന്നാംസ്ഥാനത്തുള്ള ബ്രസീലിലാണ് ഏറ്റവുമധികം രോഗബാധ. ശനിയാഴ്ചത്തെ നിലവച്ച് 54,043 പേർക്കു രോഗം ബാധിച്ചു; 3704 പേർ മരിച്ചു.
കോവിഡ് ഒരു വലിയ പ്രശ്നമല്ലെന്നു പറയുന്ന പ്രസിഡന്റ് ഷെയർ ബോസുനാരോ ആണ് ബ്രസീലിലെ രോഗബാധ വഷളാക്കിയതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാന ഗവർണർമാരും പട്ടാളവും രോഗികളെ ഒറ്റയ്ക്കു പാർപ്പിക്കുന്നതും ആൾക്കൂട്ടത്തെ ഒഴിവാക്കുന്നതുംപോലുള്ള നടപടികൾക്കു മുതിർന്നതു ബോസുനാരോയ്ക്കു രസിച്ചില്ല. മലന്പനിക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ കൊടുത്താൽ മാറുന്ന പ്രശ്നമേ ഉള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിൽനിന്നു ക്ലോറോക്വിൻ വാങ്ങി. പക്ഷേ, അമിത ഡോസിൽ ഇതുപയോഗിച്ചതു കുറേപ്പേരുടെ മരണത്തിനിടയാക്കി. ഇതോടെ ക്ലോറോക്വിൻ ഉപയോഗം നിർത്തി.
രോഗബാധ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനങ്ങളോടു സഹകരിച്ച ആരോഗ്യമന്ത്രി ലൂയിസ് എൻറിക് മാൻഡെറ്റയെ ബോസുനാരോ രാജിവയ്പിച്ചു. പകരം വന്ന നെൽസൺ ടെയിഹ് ആദ്യം ചോദിച്ചത് ഐസൊലേഷൻ കൊണ്ട് എന്തു ഗുണമെന്നാണ്. 21 കോടി ജനങ്ങളുള്ള ബ്രസീലിൽ ഇതുവരെ മൂന്നു ലക്ഷത്തിൽ താഴെ രോഗപരിശോധനയേ നടന്നിട്ടുള്ളു. വ്യവസായങ്ങൾ അടച്ചിട്ടതു വേഗം തുറക്കാൻ അന്ത്യശാസനം നല്കിയിരിക്കുകയാണ് പ്രസിഡന്റ് ബോസുനാരോ.
ഇക്വഡോറിൽ വെള്ളിയാഴ്ച രോഗികളുടെ സംഖ്യ ഇരട്ടിച്ച് 22719ൽ എത്തി. രോഗ പരിശോധന നടത്തിയെങ്കിലും കണക്കിൽ ചേർക്കാതിരുന്ന 11,000-ലേറെ എണ്ണം പെടുത്തിയതുകൊണ്ടാണ് ഈ കുതിപ്പ്. തുറമുഖ നഗരമായ ഗ്വയാകിലിലും പരിസരത്തുമാണു രോഗബാധ വ്യാപകമായത്. രാജ്യത്ത് 576 പേർ മരിച്ചു.
പെറുവിൽ 21648 പേർക്കു രോഗം സ്ഥിരീകരിച്ചു. 634 പേർ മരിച്ചു. രണ്ടു ലക്ഷത്തിൽ താഴെ രോഗപരിശോധനയേ അവിടെ നടന്നിട്ടുള്ളു.
രോഗബാധിതരുടെ സംഖ്യയുമായി തട്ടിച്ചുനോക്കുന്പോൾ മരണത്തോത് കൂടുതലുള്ളത് മെക്സിക്കോയിലാണ്. 12,872 പേർക്കു രോഗബാധ, 1221 മരണം.
12,306 പേർക്കു രോഗം ബാധിച്ച ചിലിയിൽ 174 മരണമേ ഉള്ളു. പാനമ (5,338 രോഗികൾ, 154 മരണം), കൊളംബിയ (4,881 രോഗികൾ, 225 മരണം), അർജന്റീന (3,127 രോഗികൾ, 415 മരണം) എന്നിങ്ങനെയാണു മറ്റു പ്രമുഖ രാജ്യങ്ങളിലെ നില.
ക്യൂബയിൽ 1,285 പേർക്കു രോഗം പിടിച്ചു; 49 പേർ മരിച്ചു. വെനസ്വെലയിൽ 318 പേർക്കു രോഗബാധ, 10 മരണം എന്നാണു കണക്ക്. ഗ്വാട്ടിമാലയിൽ 430 പേർ രോഗികളായി; 11 പേർ മരിച്ചു.
ലാറ്റിനമേരിക്കയിൽ കോവിഡ് ഒന്നരലക്ഷം പിന്നിട്ടു
04:22 PM Apr 27, 2020 | Deepika.com