കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ് സിടിഐഎംഎസ്ടി) ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്നതിന് സഹായകമായ ‘ചിത്ര മാഗ്ന’ എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചു.
കോവിഡ് 19 പരിശോധനയ്ക്കായി ലഭിക്കുന്ന സ്രവങ്ങളില്‍നിന്ന് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്നതിനുള്ള നൂതനമായ സാങ്കേതികവിദ്യയാണിത്.
ഈ സംവിധാനത്തില്‍ രോഗിയുടെ സാമ്പിളില്‍നിന്ന് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്നതും വിഘടിക്കാതെ സൂക്ഷിക്കുന്നതും മാഗ്നറ്റിക് നാനോ പാര്‍ട്ടിക്കിളുകളുടെ സഹായത്താലാണ്. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നാണ് വിലയിരുത്തല്‍. കാരണം രോഗികളുടെ സാമ്പിള്‍ സംഭരിക്കുമ്പോഴും മറ്റു രാസപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചില ആര്‍എന്‍എകള്‍ വിഘടിച്ചു പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഇതെല്ലാം കാന്തികസ്വഭാവമുള്ള വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികവിദ്യയിലൂടെ പിടിച്ചെടുക്കാൻ കഴിയും.
ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളേക്കാള്‍ ലളിതമായ ഈ സാങ്കേതികവിദ്യക്ക് പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ലാംപ് പരിശോധനയ്ക്കു മാത്രമല്ല, ആര്‍ടിപിസിആര്‍ പരിശോധനയ്ക്കും രോഗിയുടെ സാമ്പിളില്‍നിന്ന് ആര്‍എന്‍എ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ ‘ചിത്ര മാഗ്ന’ ഉപയോഗിക്കാനാകും. കൃത്യമായ അളവില്‍ വൈറല്‍ ആര്‍എന്‍എ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പിസിആര്‍ അല്ലെങ്കില്‍ ലാംപ് പരിശോധനയുടെ ഫലം എന്നതിനാല്‍ ഈ പുതിയ സാങ്കേതികവിദ്യ കോവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ ഭൂരിഭാഗം ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണ്.
"ചിത്ര മാഗ്ന’യുടെ സാങ്കേതിക വിവരങ്ങള്‍ എറണാകുളത്തെ അഗാപ്പേ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിനു കൈമാറി. ചിത്ര ജീന്‍ ലാംപ് എന്‍ വികസിപ്പിച്ച ഡോ. അനൂപ് തെക്കുവീട്ടിലും സംഘവുമാണ് ‘ചിത്ര മാഗ്ന’യുടെ സാങ്കേതികവിദ്യയും വികസിപ്പിച്ചത്.
‘ചിത്ര മാഗ്ന’ പരിശോധനാ കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
03:22 PM Apr 25, 2020 | Deepika.com