വീടുകളിൽനിന്നു പുറത്തിറങ്ങാതെ എത്ര കാലം കഴിയാൻ ജനങ്ങൾക്കു സാധിക്കുമെന്നറിയാൻ മനഃശാസ്ത്ര പരിശോധന നടത്തുന്നത് ഇറ്റാലിയൻ സർക്കാരിന്റെ പരിഗണനയിൽ. ആരോഗ്യ രംഗത്തുനിന്നുള്ള വിദഗ്ധരുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു പഠനത്തെക്കുറിച്ച് ആലോചിക്കുന്നത്. പ്രധാനമന്ത്രി യൂസപ്പെ കോന്തെ ഈയാഴ്ച പ്രഖ്യാപിക്കുന്ന പുതിയ മാർഗനിർദേശങ്ങൾക്കൊപ്പം ഈ പരിശോധനയുടെ വിശദാംശങ്ങളും പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകൾ പരിഗണനയിലാണെങ്കിലും രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ ഇനിയും ആഴ്ചകളോളം നീളും. ഈ സാഹചര്യത്തിലാണ് മനഃശാസ്ത്ര പഠനത്തെക്കുറിച്ച് ആലോചിക്കുന്നത്.
വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മദ്യത്തിനു സാധിക്കില്ലെന്ന് ഇറ്റാലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ജനങ്ങൾക്ക് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. അമിത മദ്യപാനം പ്രതിരോധ ശേഷി കുറയാൻ ഇടയാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇറ്റലി മനഃശാസ്ത്ര പരിശോധനയ്ക്ക്
01:41 PM Apr 25, 2020 | Deepika.com