രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ രോഗ പകർച്ചയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ തേടി ടെലിഫോണ്‍ സർവെ നടത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ.
ആളുകളുടെ ഫോണുകളിലേക്കു വിളിച്ചു വിവരങ്ങൾ തേടാനാണ് തീരുമാനം. നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻഐസി) ഇതിനുള്ള പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുമെന്നും 1921 എന്ന നന്പരിൽ നിന്നു ഫോണ്‍ കോളുകൾ എല്ലാവരുടെയും ഫോണിലെത്തുമെന്നും കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
1921 എന്ന നന്പരിൽനിന്നു ഫോണ്‍ എത്തുന്പോൾ എല്ലാവരും അതിൽ പങ്കാളികളാകുകയും വ്യക്തമായ ഉത്തരം നൽകുകയും വേണം. ഫോണ്‍ സർവെയെ കുറിച്ചും കൃത്യമായ ഉത്തരങ്ങൾ നൽകാനും സംസ്ഥാനങ്ങൾ വേണ്ടത്ര അറിയിപ്പുകൾ നൽകണം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും വെബ്സൈറ്റിൽ ഇതു സംബന്ധിച്ച് അറിയിപ്പുകൾ പ്രസിദ്ധപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അതേസമയം, മറ്റേതെങ്കിലും നന്പരുകളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ വിളികൾ ഉണ്ടായാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. 1921 എന്ന നന്പരിൽ നിന്നല്ലാതെ മറ്റേതെങ്കിലും നന്പരിൽ നിന്നു സർവേയ്ക്കെന്ന പേരിൽ ഫോണ്‍ വരാനിടയുണ്ടെന്നും അത്തരം ഫോണ്‍കോളുകളോടു കരുതലോടെ മാത്രമേ ഇടപെടാവൂയെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെലിഫോണ്‍ സർവെ നീക്കവുമായി കേന്ദ്രം
05:07 PM Apr 23, 2020 | Deepika.com