സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ബുധനാഴ്ച 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഏഴു പേർ കണ്ണൂരിലാണ്. ഇതേത്തുടർന്നു കണ്ണൂരിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് രണ്ടു പേർക്കും മലപ്പുറത്ത് ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് പരിശോധനാ ഫലം പോസീറ്റിവായ മറ്റൊരാൾ കോട്ടയം സ്വദേശിനിയാണ്.
ഒരാൾ മാത്രമാണ് ഇന്ന് രോഗമുക്തി നേടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരേക്കാൾ കൂടുതൽ രോഗബാധിതരുണ്ടാകുന്നത്. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുതിപ്പ് ആശങ്ക ഉണർത്തുന്നതാണ്.
11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 437 ആയി. ഇവരിൽ 127 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 29,150 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 28,804 പേർ വീടുകളിലും 346 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
95 പേരെ ഇന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 20,821 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 19,998 സാമ്പിളുകൾ നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്; രോഗമുക്തി ഒരാൾക്ക് മാത്രം
07:51 PM Apr 22, 2020 | Deepika.com