കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സ്റ്റുഡന്റ് പോലീസിന്റെ കോവിഡ് 19 എസ്പിസി ജീവധാര രക്തദാന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം കുട്ടിപ്പോലീസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് രൂപംനൽകിയ പത്തിന പരിപാടികളിൽ ഒന്നാണ് ജീവധാര രക്തദാന പദ്ധതി.
കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സന്പൂർണ അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലും രക്തബാങ്കുകളിലും രക്തദാതാക്കളെ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കോവിഡ് 19 എസ്പിസി ജീവധാര എന്ന പേരിൽ നിലവിലെ രക്തദാന പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് സ്റ്റുഡന്റ് പോലീസ് സംസ്ഥാന നോഡൽ ഓഫീസറായ ഐജി പി.വിജയൻ അറിയിച്ചു.
അതത് ജില്ലകളിലെ എസ്പിസി ജില്ലാ ഓഫീസുകൾ ജീവധാര പദ്ധതിയുടെ നോഡൽ ഓഫീസായി പ്രവർത്തിക്കും. നോഡൽ ഓഫീസുകൾ രക്തബാങ്കുകളെയും രക്തദാനത്തിനായി സമ്മതപത്രം നൽകിയിരിക്കുന്ന വ്യക്തിയെയും തമ്മിൽ ബന്ധിപ്പിച്ച് രക്തദാനത്തിന് സൗകര്യം ഒരുക്കും.
ഓരോദിവസവും ആവശ്യമായി വരുന്ന രക്തത്തിന്റെ വിവരങ്ങൾ ബ്ലഡ് ബാങ്കുകളിൽ നിന്നും സർക്കാർ ആശുപത്രികളിൽ നിന്നും മുൻകൂട്ടി ശേഖരിക്കും. കൂടാതെ ആവശ്യാനുസരണമുള്ള ദാതാക്കളുടെ ലഭ്യത എസ്പിസി പദ്ധതി നിലവിലുളള സ്കൂളുകളുകളിലെ സിപിഒ, ഡിഐ, കേഡറ്റ് എന്നിവരുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തും.
രക്തം ശേഖരിക്കുന്നതിന് ബ്ലഡ് ബാങ്കുകളുടെ കളക്ഷൻ വാഹനങ്ങളാവും ഉപയോഗപ്പെടുത്തുക. എന്നാൽ, അത്യാവശ്യഘട്ടങ്ങളിൽ പോലീസ് വാഹനങ്ങളിലും രക്തദാതാക്കളെ അവശ്യസ്ഥലങ്ങളിൽ എത്തിക്കും.
കോവിഡ്: സ്റ്റുഡന്റ് പോലീസിന്റെ രക്തദാന പദ്ധതിക്കു തുടക്കമായി
02:44 PM Apr 22, 2020 | Deepika.com