ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ മൂല്യനിർണയത്തിന് ഉപയോഗിക്കുന്ന ഉത്തരസൂചിക ഈ വർഷം തയാറാക്കുന്നത് വാട്സ്ആപ് ചർച്ചയിലൂടെ. നിലവിലുള്ള സാഹചര്യത്തിൽ ഉത്തര സൂചികകൾ തയാറാക്കുന്നത് അസാധ്യമായതിനാലാണിത്.
ഓരോ വിഷയത്തിനും ജില്ലയിൽനിന്ന് ഒരു അധ്യാപകൻ എന്ന തോതിൽ 14 അധ്യാപകരടങ്ങുന്ന സമിതി എറണാകുളത്തു യോഗം ചേർന്നാണു മുമ്പ് ഇത് തയാറാക്കിയിരുന്നത്. ചോദ്യകർത്താവിന്റെ ഉത്തര സൂചികയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് അന്തിമ ഉത്തരസൂചിക രൂപപ്പെടുത്തുന്നത്.
ഇതിനു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഏതാനും ഉത്തരക്കടലാസുകൾ എത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താറുമുണ്ടായിരുന്നു. ഇതിലൂടെയാണു ചോദ്യകർത്താവ് ചിന്തിക്കാത്ത തലത്തിലും തരത്തിലും വിദ്യാർഥികൾ ചിന്തിച്ചിട്ടുണ്ടോ എന്നു മനസിലാക്കി ഉത്തരസൂചികയിൽ കൂടുതൽ പോയിന്റുകൾ ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നത്. ഇതു കുട്ടികൾക്ക് അർഹമായ മാർക്കു നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമായിരുന്നു.
വാട്സ്ആപ് ചർച്ചയിലൂടെ ഉത്തരസൂചിക തയാറാക്കുമ്പോൾ ഈ രീതി അസാധ്യമാണ്. കൂടാതെ വാട്സ്ആപ് ചർച്ചയിലൂടെ തയാറാക്കുമ്പോൾ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും സാധിക്കില്ല. എസ്എസ്എൽസിയുടെ ഉത്തരസൂചിക ഈ രീതിയിൽ തയാറാക്കിയിട്ടില്ല. ഹയർസെക്കൻഡറി ഫലപ്രഖ്യാപനത്തിനു മുമ്പ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തേണ്ടതാണ്. എസ്എസ്എൽസിക്ക് ഇല്ലാത്ത ഉത്തരസൂചിക വാട്ട്സ്ആപ് ചർച്ച ഹയർ സെക്കൻഡറിക്ക് എന്തിനാണെന്ന ചോദ്യമുണ്ട്.
ഹയർ സെക്കൻഡറി ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും രണ്ടു വിഷയങ്ങൾക്കു മാത്രമാണ് ഇനി പരീക്ഷ നടക്കാനുള്ളത്. എറണാകുളത്ത് നടന്നിരുന്ന ബോർഡ് യോഗം ഒഴിവാക്കിയതിലൂടെ യാത്രാപ്പടി ലാഭിച്ചെങ്കിലും വിദ്യാർഥികൾക്കു ഗുണമാകില്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം.
ഹയർസെക്കൻഡറി ഉത്തരസൂചിക വാട്സ്ആപ് ചർച്ചയിലൂടെ
11:59 AM Apr 22, 2020 | Deepika.com