അമേരിക്കൻ ദിനപ്പത്രമായ ബോസ്റ്റണ്‍ സണ്‍ഡേ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 16 പേജ് ചരമവാർത്തകളുമായി. കോവിഡ് വ്യാപനത്തെ തുടർന്നു മരിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് പത്രത്തിന്റെ പേജുകൾ മരണമയമായത്.
കഴിഞ്ഞ വർഷം ഇതേദിവസം ഏഴു പേജ് ചരമവാർത്തകൾ ഉണ്ടായിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്. 13 മുതൽ 28 വരെയുള്ള പേജുകളിലാണ് ബോസ്റ്റണ്‍ സണ്‍ഡേ ഗ്ലോബ് ചരമത്തിനു മാത്രമായി അച്ചുനിരത്തിയത്.
മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണു ബോസ്റ്റണ്‍ ഗ്ലോബ്. 1706 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 38000-ൽ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ ഇറ്റലിയിലും ദിനപ്പത്രം ചരമവാർത്തകൾക്കായി ഭൂരിഭാഗം പേജുകളും മാറ്റിവച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇറ്റലിയിലും പത്രത്താളുകളിൽ മരണം നിറഞ്ഞുനിന്നത്.
മരണമയമായി യുഎസ് ദിനപ്പത്രം; ഞായറാഴ്ച ചരമം നിറഞ്ഞത് 16 പേജുകളിൽ
07:43 PM Apr 20, 2020 | Deepika.com