മൂന്ന് ഇന്ത്യക്കാർകൂടി സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രണ്ടു മലയാളികളടക്കം മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. പൂന സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്, യുപി സ്വദേശി ബദർ ആലം, തെലുങ്കാന സ്വദേശി അസ്മത്തുള്ള ഖാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. നേരത്തെ കണ്ണൂർ, മലപ്പുറം ജില്ലക്കാർ റിയാദിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആകെ അഞ്ചു പേരാണ് സൗദിയിൽ കോവിഡിനു കീഴടങ്ങിയത്. ഇതോടെ ആകെ മരണം 97 ആയി. 1,082 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 1,398 പേർ സുഖം പ്രാപിച്ചു. സൗദിയിൽ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 9,362 ആണ്.
സൗദിയിൽ രോഗികളുടെ എണ്ണം വർധിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിലെ രോഗ നിർണയ സംഘം വീടുകളും ലേബർ ക്യാമ്പുകളും സന്ദർശിച്ചു റാപിഡ് രോഗനിർണയം നടത്താൻ തുടങ്ങിയതാണ് ഇതിനു കാരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന സൗദി സ്വദേശികളെ തിരിച്ചെത്തിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. എയർപോർട്ടുകളിൽ എത്തുന്ന ഇവരെ നേരെ ക്വാറന്റെെൻ കേന്ദ്രങ്ങളിലേക്കാണു കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
റിയാദിൽ പുതിയ രോഗികൾ 225 ആണ്. മക്ക (315), ജിദ്ദ (236), മദീന (186), ദമ്മാം (88), ജുബൈൽ (27), തബൂക് (13), തായിഫ് (10) എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ രോഗികളുടെ നില.
സൗദിയിലെ പ്രധാന നഗരങ്ങളിൽ ലേബർ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ചു ഫീൽഡ് സർവേ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ ലേബർ ക്യാമ്പുകളിൽ കോവിഡ് ബാധ പെരുകുന്നതായി റിപ്പോർട്ട് വന്നതിനെത്തുടർന്നാണ് ഫീൽഡ് സർവേ ആരംഭിച്ചത്. ഇതാണ് രോഗികളുടെ എണ്ണം പെട്ടെന്നു കൂടാൻ കാരണം. വൈറസ് ബാധ സംശയിക്കുന്ന ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ സുരക്ഷിതമായ അകലം പാലിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.
കോവിഡ് - 19: സൗദിയിൽ മൂന്ന് ഇന്ത്യക്കാർകൂടി മരിച്ചു
04:36 PM Apr 20, 2020 | Deepika.com