കോവിഡിനെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ഐസിഎംആർ മുന്നറിയിപ്പ്.
ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിച്ച ആരോഗ്യ പ്രവർത്തകർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി സർവേയിൽ വ്യക്തമായെന്ന് ഐസിഎംആർ അറിയിച്ചു. ഉദരസംബന്ധമായ പ്രശ്നങ്ങൾ, ഓക്കാനം, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നു എന്നാണ് ഐസിഎംആർ സർവേയിൽ വ്യക്തമായത്.
35 വയസ് പ്രായമുള്ളവർ ഈ മരുന്ന് കഴിക്കുന്പോൾ 10 ശതമാനം ആളുകൾക്ക് അടിവയറ്റിൽ വേദനയും ആറു ശതമാനം ആളുകൾക്ക് ഓക്കാനവും 1.3 ശതമാനം ആളുകൾക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവയും ഉണ്ടാകുന്നതായി സർവേയിൽ വ്യക്തമായെന്ന് ഐസിഎംആർ എപ്പിഡമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് ഹെഡ് ഡോ. ആർ.ആർ ഗംഗാകേദ്ഖർ പറഞ്ഞു.
ഈ പ്രശ്നങ്ങൾ കാണിക്കുന്ന 22 ശതമാനം ആളുകൾക്കും പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ര്ക്തസമ്മർദം പോലുള്ള പ്രശ്നങ്ങളുണ്ടെന്നും ഇവർ മുൻകരുതലെന്ന രീതിയിൽ എച്ച്സിക്യു എടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരേ ഹൈഡ്രോക്സി ക്ലോറോക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശിപാർശയാണ് ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരിൽ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുക.
ഹൈഡ്രോക്സി ക്ലോറോക്വിനു പാർശ്വഫലങ്ങളുണ്ട്; ഐസിഎംആർ മുന്നറിയിപ്പ്
06:56 PM Apr 19, 2020 | Deepika.com