ലോക്ക്ഡൗണ്‍ കാലത്ത് സൈന്യത്തിനു റെയിൽവേ രണ്ടു സ്പെഷൽ സർവീസുകൾ നടത്തും. വടക്കു കിഴക്കൻ അതിർത്തികളിലെ സൈനിക ആവശ്യങ്ങൾക്കായാണു സർവീസ്. ബംഗളൂരുവിൽനിന്നായിരിക്കും രണ്ടു സർവീസുകളും തുടങ്ങുന്നത്. ഈ മാസം പതിനേഴിനും പതിനെട്ടിനുമാണു സർവീസുകൾ.
പതിനേഴിനു പുറപ്പെടുന്ന ട്രെയിൻ ജമ്മുവിലേക്കും പിറ്റേന്നുള്ളത് ഗോഹട്ടിക്കും. ജമ്മുവിലേക്കുള്ള ട്രെയിൻ ബൽഗാം, സെക്കന്തരാബാദ്, അംബാല എന്നിവിടങ്ങളിൽ നിർത്തും. ഗോഹട്ടിയിലേക്കുള്ള വണ്ടി ബൽഗാം, ഗോപാൽപുർ, ഹൗറ, ന്യൂ ജയ്പാൽഗുഢി എന്നിവിടങ്ങളിലും നിർത്തും.
ജമ്മുവിലെയും ഗോഹട്ടിയിലെയും സൈനിക കേന്ദ്രങ്ങളിൽ ജോയിൻ ചെയ്യാനുള്ളവർക്കാണ് സർവീസ്. ക്വാറന്റൈൻ പൂർത്തിയാക്കി തിരികെ എത്തുന്നവർക്കും ഈ സർവീസുകൾ ഉപയോഗിക്കാം. സൈന്യത്തിനായി കൂടുതൽ സർവീസുകൾ നടത്തുന്നതായി റെയിൽവേ മന്ത്രാലയവുമായി കൂടിയാലോചനകൾ തുടരുകയാണ്.
സൈന്യത്തിന് രണ്ടു സ്പെഷൽ ട്രെയിനുകൾ
02:41 PM Apr 17, 2020 | Deepika.com