ന്യൂയോർക്കിൽ മാസ്ക് ധാരണം നിർബന്ധമാക്കി ഗവർണർ ആൻഡ്രൂ ക്വോമോ ഉത്തരവിറക്കി. പൊതുസ്ഥലങ്ങൾ, ബസ്, ട്രെയിൻ, കടകൾ തുടങ്ങി ആളുകൾ കൂടുന്നിടത്തെല്ലാം ഇതു ബാധകമാണ്. അതുപോലെ ആറടി സാമൂഹിക അകലം പാലിക്കുന്നതു തുടരണം. സാമൂഹിക അകലം പാലിക്കുന്നത്, കടകളിൽ നീണ്ട ക്യൂവിനു കാരണമാകുന്നുണ്ട്.
അമേരിക്കയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 6.5 ലക്ഷം ആകുന്നു. മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടു. ആകെ മരണം 33,405 ആയി. ന്യൂയോർക്കിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു. പന്ത്രണ്ടായിരം പേർ ന്യൂയോർക്കിൽ ഇതിനോടകം മരിച്ചു. കൂടാതെ ന്യൂജേഴ്സി, ലൂയിസിയാന, ഇല്ലിനോയിസ്, മാസാസ്ചുസെറ്റ്, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്.
അമേരിക്കയിൽ കോവിഡ് മൂലം ദിനംപ്രതി മലയാളികളും ഇപ്പോൾ മരിക്കുന്നുണ്ട്. ഏതാണ്ട് മുപ്പതിൽപരം മലയാളികൾ ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണു പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, ഏപ്രിൽ അവസാനവാരത്തോടെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിലെയും ലോക്ക് ഡൗൺ പിൻവലിക്കാൻ സാധിക്കുമെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞതിനെ, ന്യൂയോർക്ക് ഗവർണർ ക്വോമോ വിമർശിച്ചു. ന്യൂയോർക്കിൽ ഭക്ഷണം എത്തിക്കാനും സംഭരിക്കാനുമായി 170 മില്യൻ ഡോളർ അനുവദിച്ചു. പുതിയ രോഗികളുടെ വരവിൽ നേരിയ കുറവ് ന്യൂയോർക്കിൽ അനുഭവപ്പെടുന്നുണ്ടെന്നു ഗവർണർ പറഞ്ഞു.
ഷോളി കുന്പിളുവേലി
അമേരിക്കയിൽ മരണം മുപ്പതിനായിരം കടന്നു
01:29 PM Apr 17, 2020 | Deepika.com