കോവിഡ് പ്രതിരോധത്തിൽ കേരളത്തെ അഭിനന്ദിച്ചു കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്നു രാഹുൽ പറഞ്ഞു.
കോവിഡിനെ നേരിടാൻ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം. പരിശോധന വ്യാപകമാക്കണം. കോവിഡ് പ്രതിരോധത്തിൽ വികേന്ദ്രീകരണം നടക്കണം. ഇതു സംസ്ഥാന, ജില്ലാ തലങ്ങളിലാണ് നടക്കേണ്ടത്. ഇക്കാര്യത്തിൽ കേരളവും വയനാടും വിജയമാണെന്നും രാഹുൽ പറഞ്ഞു.
കോവിഡ് ഏറെ ബാധിക്കാത്ത ജില്ലയായ വയനാടിനെ പ്രശംസിച്ചും കഴിഞ്ഞ ദിവസം രാഹുൽ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വയനാട് മികച്ച പ്രവർത്തനമാണ് നടത്തിയത്. ജില്ലാ കളക്ടർ, എസ്പി, ഡിഎംഒ, ജില്ലാ ഭരണകൂടം എന്നിവരാണ് ഈ നേട്ടത്തിനു പിന്നിൽ. അവരുടെ ആത്മസമർപ്പണത്തിനും കഠിനാധ്വാനത്തിനും സല്യൂട്ട് എന്നാണു രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാടും ഇടംപിടിച്ചിരുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
കോവിഡ് പ്രതിരോധത്തിൽ കേരളവും വയനാടും മാതൃക; അഭിനന്ദിച്ച് രാഹുൽ
08:15 PM Apr 16, 2020 | Deepika.com