ആരോഗ്യ, ഒൗഷധ നിർമാണ കന്പനികൾക്കു പുറത്ത് നൂറുകണക്കിനു സ്വകാര്യ, പൊതുമേഖലാ കന്പനികൾക്കു രാജ്യത്താകെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) മാസ്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ വൻതോതിൽ നിർമിക്കാൻ സർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ മേയ് അവസാനത്തോടെ ഒരു ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർമിക്കാൻ നടപടി തുടങ്ങി. ഇതിൽ 30,000 എണ്ണം ഈ മാസം തയാറാക്കും.
റെയിൽവേയുടെ നിർമാണ യൂണിറ്റുകൾ, വർക്ക് ഷോപ്പുകൾ, ഫീൽഡ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണു വ്യക്തിഗത സുരക്ഷാ കവചങ്ങൾ നിർമിക്കുന്നത്. ഗ്വാളിയോറിലെ ഡിആർഡിഒ ലാബിലാണ് റെയിൽവേ നിർമിക്കുന്ന പിപിഇകളുടെ പരിശോധന നടത്തി അംഗീകാരം നൽകിയത്. ഉത്തര റെയിൽവേയുടെ കീഴിൽ പഞ്ചാബിലെ ജഗാധരിയിലുള്ള നിർമാണശാലയിലാണു വ്യക്തിഗത സുരക്ഷാ കവചത്തിന്റെ ആദ്യ മാതൃക നിർമിച്ചത്.
പുതിയ ആവശ്യം നേരിടാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ഒരു ദിവസംകൊണ്ടാണ് വിവിധ കന്പനികൾ നിർമിക്കുന്ന പിപിഇ, മാസ്ക് അടക്കമുള്ള സാന്പിളുകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഫിക്കിയുടെ ഹെൽത്ത് സർവീസസ് കമ്മിറ്റി ചെയർമാനും മെഡിക്ക ഗ്രൂപ്പ് ആശുപത്രികളുടെ ചെയർമാനുമായ ഡോ. അലോക് റോയി പറഞ്ഞു.
ആരോഗ്യ, ടെക്സ്റ്റൈൽസ് മന്ത്രാലയങ്ങളുടെ നിർദേശപ്രകാരം കന്പനികൾ യുസിസി കോവിഡ് 19 സർട്ടിഫിക്കേഷൻ കോഡും ക്രമക്കേടു നടത്താനാകാത്ത സ്റ്റിക്കറോടും കൂടിയാണ് പിപിഇകൾ വിതരണം ചെയ്യുന്നത്. പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ പിപിഇ, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയുടെ നിർമാണത്തിൽ മുന്നിലാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.
പ്രമുഖ ബ്രാൻഡഡ് കന്പനിയായ ഡിറ്റൽപ്രോ പിപിഇ, മാസ്ക്, സാനിറ്റൈസർ, ഗ്ലൗ, ഷൂ കവർ, ഗൂഗിൾസ്, ഗൗണുകൾ തുടങ്ങിയവ വൻതോതിൽ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. സാംകോ കെയർ, പീ സേഫ്, മാൽകം തുടങ്ങിയ ആരോഗ്യ ബ്രാൻഡുകളിലാണ് ഡിറ്റൽ ഇവ പുറത്തിറക്കുന്നത്. നിലവിലെ ഹെൽത്ത്കെയർ, ഫാർമസ്യൂട്ടിക്കൽ കന്പനികളും സുരക്ഷാ കവചങ്ങൾ, മാസ്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവയുടെ ഉത്പാദനം വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്.
ചൈനീസ് പിപിഇ, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയുടെ ഇറക്കുമതി കുറയ്ക്കാനും അടിയന്തര സാഹചര്യം നേരിടാനുമാണ് സ്വകാര്യ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പുതുതായി ഇത്തരം ആരോഗ്യ രക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിന് അനുമതി നൽകുന്നതെന്നു കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഇന്ത്യൻ റെയിൽവെയുടെ കീഴിലുള്ള ഡോക്ടർമാരും ആരോഗ്യ മേഖലയിലെ ജീവനക്കാരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേയുടെ 5,000ലേറെ ബോഗികളിൽ ഇതിനകം തന്നെ ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
മാസ്ക്, സാനിറ്റൈസർ: വ്യാപക നിർമാണത്തിന് അനുമതി
02:06 PM Apr 16, 2020 | Deepika.com