കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേക വിമാനങ്ങളിൽ അതാതു സംസ്ഥാനങ്ങളിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലോ, കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ 20-ാം തീയതിക്ക് ശേഷം നടപ്പാക്കുമെന്ന് പറയുന്ന ഇളവുകളിലോ രാജ്യത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസികളെക്കുറിച്ചു പരാമർശം പോലുമില്ലാതെ പോയതു നിർഭാഗ്യകരമാണെന്ന് ആന്റണി പറഞ്ഞു.
ലോകത്തെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും വിദേശ രാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങളും നടപടികൾ തുടങ്ങി.
ഈ സാഹചര്യത്തിലെങ്കിലും രാജ്യത്തിലുള്ള പ്രവാസികളുടെ കുടുംബാഗങ്ങളുടേയും വിദേശത്തുള്ള പ്രവാസികളുടെയും ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ അവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടൽ കേന്ദ്രസർക്കാർ ഉടൻ ആരംഭിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
പ്രവാസികളെ അടിയന്തരമായി എത്തിക്കണം: ആന്റണി
12:18 PM Apr 16, 2020 | Deepika.com