അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. റാന്നി കോവൂർ കുടുംബാംഗം അച്ചൻകുഞ്ഞ് കുരുവിള ന്യൂയോർക്ക് പേയിറ്റൻ ഐലൻഡീൽ കോവിഡ് ബാധിച്ചു മരിച്ചത്.
സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തും. ഭാര്യ ജൈനമ്മ റാന്നി മേപ്പുറത്തു കുടുംബാംഗമാണ്. അജി, ആഷ്ലി, അലക്സ് എന്നിവരാണു മക്കൾ. എല്ലാവരും യുഎസ്എയിലാണ്. വന്ദ്യ പ്രസാദ് കുരുവിള കോർ എപ്പിസ്കോപ്പ കോവൂർ ജ്യേഷ്ഠസഹോദരനാണ്.
ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. കുടുംബസഹിതം വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുകയായിരുന്ന അച്ചൻകുഞ്ഞ് അവിടെ റസ്റ്റോറന്റ് നടത്തുകയാണ്.
പത്തനംതിട്ട ജില്ലക്കാരായ ഒന്പതു പേരാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ന്യൂയോർക്കിൽ മരിച്ച ഇലന്തൂർ സ്വദേശി തോമസ് ഡേവിഡായിരുന്നു ആദ്യത്തെയാൾ. കഴിഞ്ഞ ദിവസം തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, ദന്പതികളായ ഇലന്തൂർ പ്രക്കാനം ഇടത്തിൽ സാമുവൽ, ഭാര്യ മേരി എന്നിവർ പിന്നീട് മരിച്ചു.
തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏലിയാമ്മ, വളഞ്ഞവട്ടം തൈപറന്പിൽ സജി എബ്രഹാമിന്റെ മകൻ ഷോണ് എസ്. എബ്രഹാം, നെടുന്പ്രം കൈപ്പഞ്ചാലിൽ ഈപ്പൻ ജോസഫ്, ഇലന്തൂർ വാര്യാപുരം സ്വദേശി ജോസഫ് കുരുവിള എന്നിവരാണ് അമേരിക്കയിൽ മരിച്ച മറ്റ് പത്തനംതിട്ടക്കാർ.
അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
05:28 PM Apr 15, 2020 | Deepika.com