ചിത്രങ്ങളിലൂടെയാണ് അറിവുകളും വിവരങ്ങളും മനുഷ്യരുടെ തലച്ചോറിലേക്കു കൂടുതലും കൈമാറപ്പെടുന്നതെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവ അക്ഷരങ്ങളേക്കാൾ പതിന്മടങ്ങ് വേഗത്തിൽ തലച്ചോറിലേക്ക് വിവരങ്ങൾ എത്തിക്കുന്നു. കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത ക്ലാസ് മുറികളിൽ നിന്നുമാറി ലോകം ഇന്ന് ഓണ്‍ലൈൻ വിദ്യാഭ്യാസത്തിലേക്കു രൂപാന്തരം പ്രാപിക്കുമ്പോൾ വിഷ്വൽസിന്റെ ഈ സാധ്യത തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.
എവിടെയും ഏതു സമയത്തും പഠനം എന്നത് ഒരു കാലത്ത് ചിന്തിക്കാൻപോലും സാധിക്കുമായിരുന്നില്ല. എന്നാൽ, ഒരു സ്കൂളിന്റെയോ കോളജിന്റെയോ മുഴുവൻ സിലബസും സ്മാർട്ട് ഫോണിൽ ഒതുക്കിക്കൊണ്ടുള്ള സ്ട്രീമിംഗ് ക്ലാസുകളാണ് ഇന്ന് ലോകമെന്പാടും നടക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികളിൽ ഇരുന്നുള്ള പഠനം അസാധ്യമായതോടെ കേരളത്തിൽ വിർച്വൽ ക്ലാസ് മുറികൾ സജീവമാകുകയാണ്.
തടസമില്ലാത്ത വിദ്യാഭ്യാസം കുട്ടികൾക്കു നിൽകുന്നതിൽ വലിയ പങ്കാണ് ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ നൽകുന്നത്. സ്മാർട്ട് ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ ഏതു സമയത്തും പഠനം സുഗമമാക്കാമെന്ന് പുതിയ തലമുറ തെളിയിക്കുന്നു. വ്യത്യസ്ത ഓണ്‍ലൈൻ പഠന പ്ലാറ്റ്ഫോമുകളാണ് ഇന്ന് തത്സമയ സ്ട്രീമിംഗ് ക്ലാസ് മുറികൾ ഒരുക്കുന്നത്. വിർച്വൽ മാർഗങ്ങളിലൂടെ വിദ്യാർഥികളിലേക്ക് എത്താൻ അധ്യാപകരെ സഹായിക്കുന്നതാണ് ഇത്തരം നൂതന സംവിധാനങ്ങൾ.
വിർച്വൽ ക്ലാസ് മുറികൾക്കായി ഉപയോഗിക്കാവുന്ന നിരവധി പ്ലാറ്റ്ഫോമുകളാണ് ഇന്നുള്ളത്. ഇന്റലിജന്റ് ഇന്ററാക്ടീവ് പാനലുകൾ ഏറ്റവും മികച്ച പഠന അനുഭവം വിദ്യാർഥികൾക്കു നൽകുന്നു. ഇന്ററാക്ടീവ് പാനലുകളുടെ ഭാഗമായ ഓഡിയോ വിഷ്വൽ ഉപകരണങ്ങൾ വിഷയം ഏതാണെങ്കിലും അതിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നവയാണ്.
ഇവയിലെ വൈറ്റ് ബോർഡ് ഫീച്ചർ ഉപയോഗിച്ച് അധ്യാപകർക്കു ക്ലാസുകൾ എടുക്കാം. ഈ ക്ലാസുകൾ കുട്ടികളിലേക്കു ഷെയർ ചെയ്യാനും റിക്കോർഡ് ചെയ്യാനുമുള്ള സംവിധാനങ്ങൾ ഈ പാനലുകൾക്കുണ്ട്. സൂം, ഗൂഗിൾ ഹാംഗൗട്ട്, ടീം വ്യൂവർ തുടങ്ങിയ സോഫ്റ്റ്വേറുകളുടെ സഹായത്തോടെ തത്സമയ മീറ്റിംഗുകളും സ്ക്രീൻ ഷെയറിംഗും സാധ്യമാകും.
തിയറി ക്ലാസുകൾ മാത്രമല്ല, പ്രാക്ടിക്കൽ ലാബ് എക്സ്പെരിമെന്റ്സ് പോലും ചെയ്തു പഠിക്കാൻ സഹായകമാകുന്ന നിരവധി ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളും വലിയ ഓണ്‍ലൈൻ പഠന സാധ്യതകളാണ് നമുക്കുമുന്നിൽ തുറന്നിടുന്നത്. മുമ്പ് നടന്ന ക്ലാസുകൾ ഓണ്‍ലൈനിലേക്കു മാറ്റുന്നതിനും വീഡിയോ പാഠങ്ങളാക്കുന്നതിനുമെല്ലാം വിർച്വൽ ക്ലാസ്മറുകൾ നമ്മെ സഹായിക്കും. ക്ലാസ് സമയം ചർച്ചയ്ക്കും ഇൻ ക്ലാസ് അസൈൻമെന്റുകൾക്കുമായി ചെലവഴിക്കുന്നതിനും സാധിക്കും.
ഇതിനായി ഓണ്‍ലൈൻ വീഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് അധ്യാപകർക്ക് വീഡിയോ ലക്ചറുകൾ തയാറാക്കാം. അധ്യാപകർ ഇല്ലാതിരിക്കുമ്പോൾ പോലും വിദ്യാർഥികൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും വീഡിയോകൾ പ്ലേ ചെയ്തുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കാം. പരീക്ഷാ റിവിഷനുകൾക്കും ഇതിലൂടെ സാധിക്കും.
ഗൂഗിൾ ക്ലാസ് റൂം
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു സൗജന്യ വെബ് സേവനമാണ് ഗൂഗിൾ ക്ലാസ് റൂം. ഇതിലൂടെ ക്ലാസുകളുടെ വീഡിയോ, യൂട്യൂബ് ലിങ്കുകൾ, പഠന ലേഖനങ്ങൾ, റീഡിംഗ് മെറ്റീരിയലുകൾ തുടങ്ങിയവ വിദ്യാർഥികളുമായി ഷെയർ ചെയ്യുന്നതിനായി ഉപയോഗിക്കാം. പേപ്പർ ഇല്ലാത്ത രീതിയിൽ വിദ്യാർഥികൾക്ക് അസൈൻമെന്റുകൾ നൽകുന്നതിനും അത് മൂല്യനിർണയം നടത്തി മാർക്ക് പ്രസിദ്ധീകരിക്കുന്നതിനും സാധിക്കും.
അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ കാര്യക്ഷമമായി ഫയലുകൾ പങ്കിടുന്നതിനു സഹായിക്കുന്നതാണ് ഗൂഗിളിന്റെ പല സംവിധാനങ്ങളും.
അസൈൻമെന്റുകൾ നൽകുന്നതിനായി ഗൂഗിൾ ഡ്രൈവ് ഉപയോഗപ്പെടുത്താം. ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് എന്നിവയാണ് എഴുതുന്നതിനായി ഉപയോഗിക്കുന്നത്. വിവരങ്ങൾ കൈമാറുന്നതിനായി ജിമെയിൽ ഉപയോഗിക്കുന്നു. ഷെഡ്യൂളിംഗിനായി ഗൂഗിൾ കലണ്ടർ ഉപയോഗിക്കുന്നത് കൃത്യതയ്ക്കു സഹായിക്കുന്നു.
ആഗോള ഓണ്‍ലൈൻ പഠനരംഗത്ത് കോഴ്സെറ, എഡക്സ്, ഉഡാസിറ്റി, ഉഡേമി, ഖാൻ അക്കാദമി എന്നീ പ്ലാറ്റ്ഫോമുകളും വിദ്യാർഥികൾക്കു മികച്ച പഠനാനുഭവം നൽകുന്നു. കോഴ്സെറ, ഉഡേമി എന്നീ പ്ലാറ്റ്ഫോമുകൾ അവരുടെ കോഴ്സുകൾ സൗജന്യമായി നൽകുന്നുവെന്നതും വിദ്യാഭ്യാസമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
അനു സൂസൻ ഫിലിപ്പ്
(ലേഖിക തിരുവനന്തപുരം മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ്
ടെക്നോളജി അസിസ്റ്റന്റ് പ്രഫസറാണ്)
ലോക്ക് ഡൗണിലും പഠനം സ്മാർട്ടാക്കാം, സ്ട്രീമിംഗ് ക്ലാസ് മുറികളിലൂടെ
12:56 PM Apr 13, 2020 | Deepika.com