രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,000 കടന്നു. മരണ സംഖ്യ 327 ആയി. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഡൽഹി ആണ്.
അപകടകരമായ മേഖലകൾ ഓറഞ്ച് സോണുകളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. അതിവ്യാപന മേഖലകൾ റെഡ് സോണുകളായും പ്രഖ്യാപിക്കും. ഡൽഹിയിൽ ഇത്തരത്തിൽ 35 സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേജരിവാൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ അതിവ്യാപന മേഖലകളുടെ എണ്ണം കൂടുമെന്നാണു കരുതുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
രാജ്യത്ത് ഇതുവരെ 90 ഡോക്ടർമാർക്കും നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 364 ജില്ലകളിൽ വൈറസ് വ്യാപനം നടന്നു. ഇതിൽ കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 80 ജില്ലകളിൽ വൈറസ് വ്യാപനം നടന്നു. ഇന്ത്യ ഇതുവരെ 13 രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാൻ തീരുമാനിച്ചെന്ന് കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ വക്താവ് കെ.എസ് ധാത്ത്വാലിയ പറഞ്ഞു.
രാജ്യത്തു കോവിഡ് 9,204; 364 ജില്ലകളിൽ വ്യാപനം
12:42 PM Apr 13, 2020 | Deepika.com