"പേ​ടി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലും നാടിനെ ഓർത്ത് ചൈ​ന​യി​ൽ ത​ങ്ങി...​'

05:09 PM Apr 12, 2020 | Deepika.com
"​കൊ​റോ​ണ വൈ​റ​സി​ന്‍റെ രോ​ഗ​വാ​ഹ​ക​യാകു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യി​ലേ​ക്കു വരാതെ പേ​ടി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലും ചൈ​ന​യി​ൽത​ന്നെ ത​ങ്ങി. ഇ​പ്പോ​ൾ ഇ​വി​ടെ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യിത്തുട​ങ്ങി...​'' ചൈ​നീ​സ് അക്കാഡമി ഓ​ഫ് സ​യ​ൻ​സ് ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​ഡ്രോ ബ​യോ​ള​ജി​യി​ലെ പോ​സ്റ്റ് ഡോ​ക്​ട്ര​ൽ റി​സ​ർ​ച്ച​റാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശിനി അ​നി​ല പി. അ​ജ​യൻ ചൈ​ന​യി​ൽനി​ന്നു ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

നാട്ടിലേ​ക്കു മ​ട​ങ്ങാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും അ​നി​ല ത​യാ​റാ​യി​ല്ല. രാ​വും പ​ക​ലും ത​ല​ങ്ങും വി​ല​ങ്ങും ആം​ബു​ല​ൻ​സു​ക​ൾ പാ​യു​ന്ന​തി​ന്‍റെ​യും ഉ​യ​ർ​ന്നു​വ​രു​ന്ന മ​ര​ണ​സം​ഖ്യ​യു​ടെ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യി​ലും ഈ ​പെ​ണ്‍​കു​ട്ടി ഇ​ന്ത്യ​യി​ലേ​ക്കു വ​രേ​ണ്ടെ​ന്ന ഉ​റ​ച്ച നി​ല​പാ​ടെടുത്തു. കൊ​റോ​ണ വൈ​റ​സ് ത​നി​ക്കു പി​ടി​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ താൻ മൂലം തന്‍റെ രാ​ജ്യ​ത്തിന് ആപത്തുണ്ടാകരുതെന്ന് ആഗ്രഹിച്ചു. അ​നി​ല​യ്ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ല്ല. 76 ദി​വ​സം ഹോം ​ക്വാ​റന്‍റൈനി​ലാ​യി​രു​ന്നു.

അ​നി​ല​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്... ​2019 സെ​പ്റ്റം​ബ​റി​ലാ​ണ് ഞാ​ൻ ചൈനയിലെ വു​ഹാ​നി​ൽ എ​ത്തി​യ​ത്. ജ​നു​വ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ ഇ​വി​ടെ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പന​ത്തെ​ക്കു​റി​ച്ചു കേ​ട്ടു​തു​ട​ങ്ങി. ശ്വ​സ​നേ​ന്ദ്രീ​യ വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വൈ​റ​സ് ആ​ണെ​ന്ന് അ​റി​വു​ള്ള​തു​കൊ​ണ്ടു​ത​ന്നെ ക്ലാ​സി​ൽ പോ​കു​ന്പോ​ൾ മാസ്ക് ​ധ​രി​ക്കു​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ അ​ധി​കം പ്ര​ശ്ന​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ചെ​റി​യ പേ​ടി തോ​ന്നി.

ഇ​വി​ട​ത്തെ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ചു ഞാ​ൻ യാ​ത്ര ചെ​യ്തി​രു​ന്നു. ആ ​ആ​ഴ്ച മു​ഴു​വ​നും വു​ഹാ​ൻ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്‍റീ​നി​ൽനി​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം. അ​വി​ടെ എ​പ്പോ​ഴും തി​ര​ക്കാ​ണ്. വിന്‍റ​ർ സീ​സ​ണും ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​നി​ക്കും രോ​ഗം വ​രു​മോ​യെ​ന്നു സം​ശ​യി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​തോ​ടെ കോ​ള​ജ് അ​ട​ച്ചു. ചൈ​ന​യു​ടെ പ്രാ​ന്തപ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള സ​ഹ​പാ​ഠി​ക​ളൊ​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

ആ​ദ്യ​മൊ​ക്കെ ഇ​വി​ട​ത്തെ അ​വസ്ഥ ഞാ​ൻ വീ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​വി​ട​ത്തെ വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​തോ​ടെ ഞാ​നും കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചു. പ​ക്ഷേ എനി​ക്കു വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഭീ​തി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യി​ലും ഞാ​ൻ ചൈ​ന​യി​ൽത​ന്നെ തു​ട​ർ​ന്നു.

​ജ​നു​വ​രി 21നാ​ണ് ഞാ​ൻ അ​വ​സാ​ന​മാ​യി കാ​ന്പ​സി​നു പു​റ​ത്തു​പോ​യ​ത്. പി​ന്നീ​ട് 76 ദി​വ​സം ഹോംക്വാ​റന്‍റൈ​നി​ലാ​യി​രു​ന്നു. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ രോ​ഗ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ ഇ​വി​ടെ മാ​റ്റ​ങ്ങ​ൾ ക​ണ്ടു തു​ടങ്ങി.​ കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വകേ​ന്ദ്ര​മാ​യ വു​ഹാ​ൻ പ​ഴ​യ സ്ഥി​തി​യി​ലേ​ക്കാ​യി. ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പൊ​തു​ഗ​താ​ഗ​തം തു​റ​ന്നെ​ങ്കി​ലും ബ​സു​ക​ളി​ലൊ​ക്കെ ചു​രു​ക്കം യാ​ത്ര​ക്കാ​ർ മാ​ത്രം. ഗ്രീ​ൻ ഹെ​ൽ​ത്ത് കോ​ഡ് ഉ​ള്ള​വ​ർ​ക്കേ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​നാ​വൂ. ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​മു​ണ്ട്.

തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് നി​ർ​ബ​ന്ധ​മാ​ണ്. 37 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടു​ത​ൽ ശ​രീ​ര താ​പ​നി​ല ഉ​ള്ള​വ​ർ​ക്കു ക​ട​യ്ക്കു​ള​ളി​ൽ ക​യ​റാ​ൻ സാ​ധി​ക്കി​ല്ല. റോ​ഡു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും നി​ത്യ​വും അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു​ണ്ട്. ഓ​ഫീ​സു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​കു​ന്ന​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഓ​ഫീ​സി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് ന​ട​ത്തും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗ് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

വീ​ട്ടി​നു​ള്ളി​ലും ഓ​ഫീ​സി​ലു​മൊ​ക്കെ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ട്. കൊ​റോ​ണ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ ഭീ​തി ഒ​ഴി​ഞ്ഞു തു​ട​ങ്ങി. എ​ങ്കി​ലും എ​ല്ലാ​വ​രും ജാ​ഗ്ര​ത​യി​ലാ​ണ്. നാട്ടിലുള്ളവർ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഈ ​അ​വ​സ​ര​ത്തി​ൽ പ​റ​യാ​നു​ള്ള​തെന്നും അ​നി​ല പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട ബീം ​ജ്യോ​തി​യി​ൽ പി.​ടി. അ​ജ​യ​കു​മാ​ർ-കെ. ​നി​ർ​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​നി​ല.

സീ​മ മോ​ഹ​ൻ​ലാ​ൽ