സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാലുപേർക്കും മലപ്പുറം സ്വദേശികളായ രണ്ടു പേര്‍ക്കും കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും വന്നതാണ്. സംസ്ഥാനത്ത് 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 258 പേര് നിലവില്‍ ചികിത്സയിലാണ്. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 1,36,195 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 11,469 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 69 വയസിന് മുകളിലുള്ളവർ 7.5 ശതമാനവും 20ന് താഴെയുള്ളവർ 6.9 ശതമാനവുമാണ്.
കോവിഡ് പരിശോധനകൾക്കായി നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്: 11 പേർക്ക് രോഗം സന്പർക്കത്തിലൂടെ
08:00 PM Apr 09, 2020 | Deepika.com